Latest NewsKeralaNews

കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് സൂചന : വേനലിന് മുമ്പേ ജലാശയങ്ങള്‍ വറ്റ് വരണ്ടു

ആലപ്പുഴ/കൊച്ചി: വേനല്‍ എത്തുംമുന്‍പേ കേരളത്തില്‍ വരള്‍ച്ച തുടങ്ങി. സംസ്ഥാനത്തെ ശരാശരി മഴക്കുറവ് ഒന്‍പത് ശതമാനംമാത്രം രേഖപ്പെടുത്തിയ വര്‍ഷത്തിലാണിത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറവ് രേഖപ്പെടുത്തിയ വടക്കന്‍ കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ തുലാവര്‍ഷം സംസ്ഥാനത്ത് ഒരേ അളവിലല്ല അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളില്‍ മഴ കുറവായിരുന്നു. മറ്റു സ്ഥലങ്ങളില്‍ മോശമല്ലാത്ത രീതിയില്‍ മഴ ലഭിക്കുകയും ചെയ്തു. പാലക്കാട്, തൃശ്ശൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ മഴ കുറഞ്ഞുനിന്നു. തെക്കന്‍ കേരളത്തില്‍ ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ തുലാവര്‍ഷം പ്രശ്‌നമായിരുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ചൂണ്ടിക്കാട്ടി. തുലാവര്‍ഷത്തിന്റെ വ്യതിയാനവും കുറവുമെല്ലാം വരള്‍ച്ചയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. മുന്‍വര്‍ഷത്തെ അനുഭവങ്ങളും ഈ പേടിക്ക് ആക്കംകൂട്ടുന്നു.

ഇത്തവണയും വേനല്‍ രൂക്ഷമാകാനാണ് സാധ്യതയെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) റഡാര്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു. വരള്‍ച്ചയുടെ സാധ്യതയും തള്ളിക്കളയാനാകില്ല. ഈ മാസംതന്നെ കേരളത്തില്‍ സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരപ്പിള്ളിയില്‍ നിന്നായിരുന്നു ഇത്. ചൂട് കൂടുന്നുവെന്നതിന്റെ സൂചനയാണിത്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിന്റെ കുറവും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

ഉഷ്ണതരംഗമെന്ന അവസ്ഥ കേരളം നേരിട്ടറിഞ്ഞത് 2016 ലാണ്. ഉയര്‍ന്ന ചൂട് രണ്ടോ മൂന്നോ ദിവസം മാറ്റമില്ലാതെ നിലനില്‍ക്കുന്ന അവസ്ഥയാണിത്. ഈ വര്‍ഷവും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വരള്‍ച്ചയിലേക്കുളള വഴി

കേരളത്തിന് മൊത്തം കിട്ടേണ്ടിയിരുന്ന മഴ- 2520.4 മില്ലീമീറ്റര്‍

കിട്ടിയത്- 2297 മില്ലീമീറ്റര്‍

ആശങ്കയോടെ വയനാട്

കിട്ടേണ്ട മഴ- 2964.6 മില്ലീമീറ്റര്‍

കിട്ടിയത് 1817.1 മില്ലീമീറ്റര്‍

കൃത്രിമ മഴയ്ക്കായി സര്‍ക്കാര്‍ വീണ്ടും, പരീക്ഷണം മേയില്‍

വരള്‍ച്ചാസാധ്യതകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ വീണ്ടും കൃത്രിമമഴ പെയ്യിക്കാനൊരുങ്ങുന്നു. മേയില്‍ പരീക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ പറഞ്ഞു.

ഡാമുകളുടെ വൃഷ്ടിപ്രദേശമാണ് പരീക്ഷണം നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പേപ്പാറ, കൊച്ചുറമ്പ തുടങ്ങിയ സ്ഥലങ്ങള്‍ പരിഗണനയിലുണ്ട്. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ഇതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഏപ്രിലില്‍ അന്തരീക്ഷത്തില്‍ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളപ്പോള്‍മാത്രമേ പരീക്ഷണം നടത്താനാകൂ. കൃത്രിമമഴ കേരളത്തില്‍ ആദ്യമാണെങ്കിലും മറ്റുസംസ്ഥാനങ്ങള്‍ ഈ നിലയ്ക്കുള്ള ശ്രമങ്ങള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു.

കഴിഞ്ഞവര്‍ഷം രണ്ടുതവണ കൃത്രിമമഴയ്ക്ക് ശ്രമം നടത്തിയിരുന്നു. മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും രണ്ടുതവണയും പരീക്ഷണം നടത്താനായില്ല. മേയിലും ഒക്ടോബറിലുമായിരുന്നു ഇത്. പരീക്ഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഏജന്‍സിയെ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button