ന്യൂയോർക്ക്: യുഎസ് ജിംനാസ്റ്റിക്സ് ബോർഡിൽ കൂട്ടരാജി. ലൈംഗികാതിക്രമ കേസിൽ അമേരിക്കൻ ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാറി നാസർ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് കൂട്ടരാജി. ദീര്‍ഘകാലം ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന നാസർ ചികിത്സയുടെ പേരില്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന് നാല് ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ക്ക് ഉടമയായ സിമോണ ബൈല്‍സ് അടക്കം 140-ലേറെ പെണ്‍കുട്ടികള്‍ പരാതി നൽകിയ പശ്ചാത്തലത്തിലാണ് രാജി. ചെയർമാൻ പോൾ പറില്ല, വൈസ് ചെയർമാൻ ജെ ബിന്ദർ, ട്രഷറർ ബിറ്റ്സി കെല്ലി എന്നിവരാണ് രാജിവച്ചത്. രാജി തീരുമാനത്തെ അംഗീകരിക്കുന്നതായി യുഎസ് ജിംനാസ്റ്റിക്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ കെറി പെറി പറഞ്ഞു.
കഴിഞ്ഞവര്‍ഷം റിയോയില്‍ നടന്ന ഒളിമ്പിക്സില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ അമേരിക്കന്‍ ജിംനാസ്റ്റായ ബൈല്‍സ് ട്വിറ്ററിലാണ് ചൂഷണവിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ ലൈംഗിക പീഡനത്തെ അതിജീവിച്ച നിരവിധി പെണ്‍കുട്ടികളില്‍ ഒരാളാണ് ഞാനും. പല കാരണങ്ങള്‍ കൊണ്ടും നേരത്തേ ഇക്കാര്യം തുറന്നുപറയാനായില്ലെന്നും അത് എന്റെ തെറ്റായിരുന്നില്ലെന്നും ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി പ്രചരിക്കുന്ന ‘മീ റ്റൂ’ ഹാഷ് ടാഗിൽ ബൈല്‍സ് കുറിച്ചു. കേസിൽ വാദത്തിന് ശേഷം ഈയാഴ്ച നാസറിനെ കുറ്റക്കാരനായി മിഷിഗണിലെ കോടതി വിധിച്ചിരുന്നു. വിവിധ കേസുകളിലായി 60 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണിപ്പോള്‍ ലാറി.
Post Your Comments