![](/wp-content/uploads/2018/01/1-21.jpg)
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ കാരാട്ട് പക്ഷത്തു നിലയുറപ്പിച്ച കേരളഘടകത്തോടുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖ സംബന്ധിച്ചു കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് സമ്മതിച്ച യെച്ചൂരി, അത് ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നു വ്യക്തമാക്കി. പി.ബി. യോഗത്തില്‍ രാജിഭീഷണി മുഴക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പാര്‍ട്ടിയിലെ വിഷയങ്ങള്‍ പുറത്തുപറയാനാവില്ലെന്നായിരുന്നു ആദ്യമറുപടി. എന്നാല്‍, പാര്‍ട്ടി നിര്‍ദേശപ്രകാരമാണു ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്നു പിന്നീട് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ചു കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതു കരടുരേഖ മാത്രമാണെന്നും പലതലങ്ങളില്‍ ചര്‍ച്ച ചെയ്തശേഷം പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തെ പിന്തള്ളി ത്രിപുര സാക്ഷരതയില്‍ ഒന്നാമതെത്തിയതു ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യത്തെ ഏറ്റവും മികച്ച ഭരണം ത്രിപുരയിലാണെന്നും പറഞ്ഞു. കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ ത്രിപുര ഘടകം യെച്ചൂരിക്കൊപ്പമായിരുന്നു. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്ന രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഏതെങ്കിലുമൊരു രേഖ പൂര്‍ണമായി അംഗീകരിക്കുകയായിരുന്നില്ലെന്നും ഭേദഗതിയോടെയാണു വോട്ടെടുപ്പില്‍ പാസായതെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments