ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവന്ന സാമൂഹിക പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. താലിബ് ഹുസൈന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പ്രതിഷേധം ആളികത്തുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കത്വയില്‍ സമരം നടത്തി. ഒരു കൗമാരക്കാരന് ഒറ്റയ്ക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു-പത്താന്‍കോട്ട് പാത ഉപരോധിച്ചുവെന്ന് കാട്ടി താലിബിനെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
Post Your Comments