നിരത്തുകളില്‍ ചോരക്കറയും പരുക്കേറ്റ മൃഗങ്ങളും വീടുകളില്‍ പൊട്ടിയ ജനാലകളും വെടിയുണ്ടയേറ്റ ചുവരുകളും സാധാരണ കാഴ്ചയായി. 18,000 പേര്‍ അധിവസിച്ചിരുന്ന അര്‍ണിയ പട്ടണം പ്രേതനഗരം പോലെ വിജനം. സമീപഗ്രാമങ്ങളില്‍ വീടുകാവലിനും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുമായി ഏതാനും പേര്‍ മാത്രമാണു ജീവന്‍ പണയംവച്ചു കഴിയുന്നത്. പാകിസ്താനു തിരിച്ചടി നല്‍കുന്നതിനായി ഗ്രാമങ്ങളിലും നെല്‍പാടങ്ങളിലുമെല്ലാം ബി.എസ്.എഫ്. ജവാന്‍മാര്‍ സുരക്ഷിതസ്ഥാനങ്ങള്‍ തേടുന്നു.
വീടുകളില്‍ തുടരാന്‍ തീരുമാനിച്ചവര്‍പോലും രണ്ടുദിവസമായി പാക് ഷെല്ലിങ് രൂക്ഷമായതോടെ സ്ഥലം വിടുകയാണ്. ആളും അനക്കവുമില്ലാതെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍. 1965-ലെയും 1971-ലെയും യുദ്ധത്തിനുശേഷം ആദ്യമായാണ് അതിര്‍ത്തി ഇത്രയും സംഘര്‍ഷഭരിതമാകുന്നതെന്നു മുതിര്‍ന്ന ഗ്രാമവാസികള്‍ ഓര്‍മിച്ചു.ജമ്മു, സാംബ, കത്വാ, രജൗരി, പൂഞ്ച് ജില്ലകളിലെ അതിര്‍ത്തിമേഖലയിലും നിയന്ത്രണരേഖയിലും കഴിഞ്ഞ ബുധനാഴ്ചയാണു പാക് റേഞ്ചേഴ്സ് രൂക്ഷമായ വെടിവയ്പ്പും ഷെല്ലാക്രമണവും തുടങ്ങിയത്.
ആക്രമണത്തില്‍ ഇതുവരെ ആറു സാധാരണക്കാരും അഞ്ചു ജവാന്‍മാരും കൊല്ലപ്പെട്ടു. 50 സാധാരണക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ക്കു പരുക്കേറ്റു. ജമ്മു മേഖലയിലെ മുന്നൂറോളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടി. യുദ്ധഭൂമിയില്‍ എന്ന പോലെയാണു തങ്ങള്‍ കഴിഞ്ഞുകൂടുന്നതെന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ ശേഷിച്ചവര്‍ പറയുന്നു.
സദാസമയവും മോര്‍ട്ടാര്‍ ബോംബുകള്‍ പൊട്ടുന്നതിന്റെയും ഓട്ടോമാറ്റിക് തോക്കുകളില്‍നിന്നു നിറയൊഴിക്കുന്നതിന്റെയും ശബ്ദം മാത്രം.എന്നാൽ ഇന്ത്യൻ സൈന്യം ഉടനൊരു കടന്നാക്രമണം നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Post Your Comments