Latest NewsNewsIndia

സി.പി.എം കേന്ദ്രനേതൃത്വത്തില്‍ വിള്ളല്‍ : കോണ്‍ഗ്രസുമായി സഹകരണം : യെച്ചൂരിയെ തള്ളി കാരാട്ടും സംഘവും :

ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. പാര്‍ട്ടി സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട ശേഷമാണ് കേന്ദ്ര കമ്മിറ്റി തള്ളി.

31 അംഗങ്ങളുടെ പിന്തുണമാത്രമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചത്. എന്നാല്‍, പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് 55 വോട്ട് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് യെച്ചൂരിയുടെ രേഖ തള്ളപ്പെട്ടത്. യെച്ചൂരിയുടെ രേഖ തള്ളിയതോടെ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ രേഖയാകും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക. കരട് പ്രമേയത്തിലെ മറ്റ് ഭാഗങ്ങളെക്കുറിച്ച് തര്‍ക്കമില്ല.

കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ധാരണ വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്നാണ് കാരാട്ട് പക്ഷം നിലപാട് എടുത്തത്. ബംഗാള്‍ ഘടകത്തിന്റെ പിന്തുണ കാരാട്ടിനായിരുന്നു. ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ കടുത്ത ഭാഷയില്‍ പ്രകാശ് കാരാട്ടിനെ വിമര്‍ശിച്ചിരുന്നു. ബംഗാള്‍ ഘടകം ഇനി കടുത്ത നിലപാടുകള്‍ എടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ 61 പേര്‍ സംസാരിച്ചു. ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണാടക, ജമ്മു-കശ്മീര്‍ ഘടകങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചു. തമിഴ്‌നാട്ടില്‍ നിന്നു സംസാരിച്ച അഞ്ചില്‍ മൂന്ന് പേര്‍ യെച്ചൂരിയെ അനുകൂലിച്ചു. കേരളത്തില്‍ നിന്ന് തോമസ് ഐസക്ക് ഒഴികെയുള്ളവര്‍ കാരാട്ടിനെ പിന്തുണച്ചു. പരാജയം ഒഴിവാക്കാന്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ യെച്ചൂരി ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല.

നേരത്തെയും ഇത്തരത്തില്‍ ജനറല്‍ സെക്രട്ടറിയുടെ താത്പര്യങ്ങള്‍ക്ക് തിരിച്ചടി ലഭിച്ചിരുന്നു. നേരത്തെ, വോട്ടിങ്ങിന് ന്യൂനപക്ഷ രേഖയായാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടാകില്ലെന്നും പറഞ്ഞിരുന്നു. വൈകാതെ തന്നെ യെച്ചൂരി വാര്‍ത്താസമ്മേളനം വിളിക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button