KeralaLatest NewsNews

ജീവിതത്തേക്കാള്‍ പോലീസ് ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന് കൂടുതല്‍ വില കല്‍പ്പിക്കാന്‍ ശ്രീജിത്ത്‌ തീരുമാനിച്ചതിന്റെ കാരണം

തലസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ ദൂരമാണ് എെൻറ നാട്ടിലേക്കുള്ളത്. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ പക്ഷേ, ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 1991ലാണ് അച്ഛൻ മരിക്കുന്നത്. ജീവിതം ഇവിടെ നിന്നാണ് ട്രാക്ക് തെറ്റിയോടാൻ തുടങ്ങിയത്. അച്ഛെൻറ മരണത്തോടെ കുടുംബ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. അമ്മ രമണി ഒറ്റക്ക് വിചാരിച്ചാൽ ശ്രീജുവിെൻറയും ശ്രീജീവിെൻറയും ശ്രീജയുടെയും എെൻറയും വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താനാകുമായിരുന്നില്ല.

കൊടും പട്ടിണിയിലേക്ക് ജീവിതം മാറി. കുടുംബത്തിെൻറ ദയനീയ അവസ്ഥ കണ്ടിട്ട് പരിചയത്തിൽ ഉള്ള ഒരാൾ പറഞ്ഞതനുസരിച്ചാണ് എന്നെ മാവേലിക്കരയിലെ അനാഥാലയത്തിൽ എത്തിക്കുന്നത്. ഭക്ഷണവും പഠനവും നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ അതിന് സമ്മതം മൂളിയത്. എന്നെ ഒന്നാംക്ലാസിൽ ചേർക്കാനായി അമ്മ അനുജൻ ശ്രീജീവിനെയും കൂട്ടിയാണ് വന്നത്. അന്നവന് നഴ്സറി പ്രായമായിരുന്നു. എന്നെ അവിടെയാക്കി മടങ്ങാൻ അമ്മ തുടങ്ങിയപ്പോഴാണ് ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ച് കരച്ചിൽ തുടങ്ങിയത്. അവനില്ലെങ്കിൽ എനിക്ക് നിൽക്കാൻ പറ്റില്ലെന്ന് ഞാനും, ഞാനും ഒപ്പം വീട്ടിലേക്ക് വരണമെന്നും പറഞ്ഞ് അവനും കരച്ചിൽ തുടർന്നു.

വീട്ടിലെ അവസ്ഥയറിയുന്ന അനാഥാലയ അധികൃതരാണ് ശ്രീജീവിനെയും കൂടി അവിടെ നിർത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. തുടർന്ന് രണ്ടുപേരെയും അവിടെ ചേർക്കുകയായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം നിർത്തി അവൻ വീട്ടിലേക്ക് മടങ്ങി. പിന്നെ അവൻ പഠിക്കാൻ പോയില്ല. പ്ലസ്ടു കഴിഞ്ഞാണ് ഞാൻ മടങ്ങിയെത്തുന്നത്. ഇതിനിടെ അവൻ വീടിെൻറ അടുത്തുള്ള കളിക്കൂട്ടുകാരിയും ഇതരമതത്തിൽപെട്ട പെൺകുട്ടിയുമായി പ്രണയത്തിലായി. ഇൗ ബന്ധത്തെ ചൊല്ലി പെൺകുട്ടിയുടെ അച്ഛനും അവനും തമ്മിൽ പലപ്പോഴും വാക്ക് തർക്കമുണ്ടാകാറുണ്ടായിരുന്നു. 2013 ലും സമാനമായ തർക്കമുണ്ടായി. അതുണ്ടായതിെൻറ പിറ്റേന്ന് തന്നെ എറണാകുളത്ത് ജോലിക്ക് പോവുകയാെണന്ന് പറഞ്ഞ് അവൻ പോയി.

ഇടക്കിടക്ക് അവൻ ഇങ്ങനെ പോകാറുണ്ട്, ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാണ് മടങ്ങി വരുക. അങ്ങനെ ജോലിക്ക് പോയതാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, അവൻ പോയതിെൻറ പിറ്റേന്ന് ആ പെൺകുട്ടിയുടെ അമ്മ വന്നു പറയുേമ്പാഴാണ് ശ്രീജീവും പെൺകുട്ടിയുടെ അച്ഛനും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നും അതിെൻറ പേരിലാണ് അവൻ പോയതെന്നും അറിയുന്നത്. 2014 മേയ് 22 ന് അവൻ പ്രണയിച്ച പെൺകുട്ടിയുടെ വിവാഹമായിരുന്നു. അതിന് ഒരു ആഴ്ച ബാക്കി നിൽക്കെ മേയ് 12ന് രാത്രി 12.30 ഒാടെ പാറശാല എസ്.െഎ ബിജു, ഇൗ പെൺകുട്ടിയുടെ അച്ഛെൻറ ബന്ധുവായ എ.എസ്.െഎ ഫിലിപ്പോസ്, പിന്നീട് മൂന്ന് നാല് പൊലീസുകാരുമടങ്ങുന്ന സംഘം മുൻവാതിൽ ചവിട്ടിപ്പൊളിച്ച് വീടിെൻറ അകത്ത് കടന്നു.

അലറിക്കൊണ്ട് വീടിനകത്തേക്ക് ഇരച്ച് കയറിവന്ന എസ്.െഎ ബിജു എന്നെ കിടക്കപ്പായയിൽ നിന്ന് പൊക്കിയെടുത്ത് ഭിത്തിയോട് കഴുത്തും തലയും ചേർത്ത് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിച്ചരണ്ട അമ്മക്ക് നേരെ കേട്ടാലറക്കുന്ന അസഭ്യവർഷമായിരുന്നു യൂനിഫോമിട്ട എസ്.െഎയുടെ വായിൽ നിന്ന് പുറത്ത് വന്നത്. കാര്യമൊന്നും പറയാതെയുള്ള അതിക്രമത്തിനൊടുവിൽ ഞങ്ങൾ യാചിച്ചപ്പോഴാണ് ശ്രീജീവ് എവിടെയുണ്ടെന്ന് അന്വേഷിക്കുന്നത്. ഞങ്ങൾക്കറിയില്ലെന്നും വീട്ടിൽ വന്നിട്ട് മാസങ്ങളായെന്നും പറഞ്ഞപ്പോഴാണ് എന്നെ വിട്ടത്.

കാര്യമന്വേഷിച്ചപ്പോൾ പെറ്റിക്കേസാണെന്നും പണത്തിെൻറ വിഷയമാണെന്നുമൊക്കെ പറയുന്നത്. അവസാനം ഞങ്ങൾക്ക് ഒന്നും അറിയില്ലെന്ന് മനസ്സിലായതോടെയാണ് അവർ മടങ്ങിയത്. പിറ്റേന്ന് രാവിലെ അമ്മ അവനെ വിളിച്ച് ചോദിച്ചപ്പോൾ കേസൊന്നുമില്ല എന്നും പൊലീസിെൻറ നടപടിയെ നിസ്സാരമായാണ് അവൻ കണ്ടതെന്നും പറഞ്ഞു. എന്നാൽ ഞങ്ങളുടെ വീടും ഞങ്ങളുമൊക്കെ ആരുടെയൊക്കെയോ നിരീക്ഷണത്തിലായിരുന്നു. കുറച്ച് കാശ് വേണമെന്നാവശ്യപ്പെട്ട് 18ന് അവൻ അമ്മയെ വിളിച്ചു. എന്തിനാണെന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. കാശ് സംഘടിപ്പിക്കാൻ പ്രയാസമാണെന്ന് പറഞ്ഞതോടെ അവൻ ഫോൺ വെച്ചു.

20 ന് രാവിലെ ഞാൻ തൊട്ടടുത്ത കുളത്തിൽ കുളിക്കാൻ പോയ സമയത്താണ് സിവിൽ ഡ്രസിൽ രണ്ട് പൊലീസുകാർ വന്നത്. അപ്പോൾ അമ്മ മാത്രമാണുണ്ടായിരുന്നത്. ശ്രീജീവിനെ രാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നും ഉച്ചക്ക് നെയ്യാറ്റിൻകര രണ്ടാം കോടതിയിൽ കൊണ്ട് വരുമെന്നും അവിടെ വന്ന് ജാമ്യത്തിൽ എടുക്കണമെന്നും പറഞ്ഞ് വെള്ളേപപ്പറിൽ ഒപ്പിട്ട് വാങ്ങി. ഇൗ സമയത്താണ് ഞാൻ വീട്ടിലേക്ക് വരുന്നത്.

എന്നെ കണ്ടപ്പോൾ തന്നെ വളരെ സ്േനഹപൂർവം ചേർത്ത് പിടിച്ച് അമ്മയിൽ നിന്ന് കുറച്ചകലെ മാറ്റി നിർത്തിയിട്ടു പറഞ്ഞു. ലോക്കപ്പിൽ വെച്ച് അവൻ ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പാറശാല സ്റ്റേഷനിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു. എന്നാൽ ഞങ്ങളുടെ വീട് പൊഴിയൂർ സ്റ്റേഷൻ പരിധിയിലായിരുന്നു. അങ്ങനെ ഞാനും കൂട്ടുകാരനും കൂടി പാറശാല സ്റ്റേഷനിൽ ചെന്നു. അവിടെ ചെന്നപ്പോൾ സി.െഎ ഗോപകുമാർ എന്നെ കൊണ്ട് പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിട്ട് പെെട്ടന്ന് ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു.

ഞാനും സുഹൃത്തും കൂടി ഹോസ്പിറ്റലിലേക്ക് പോയി. വാർഡ് 21ൽ 50ാം നമ്പർ ബഡിൽ കൈയും കാലും കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുന്നതാണ് കാണുന്നത്. അവന് തിരിയാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. മുഖത്ത് ഒാക്സിജൻ മാസ്ക് വെച്ചിരിക്കുകയാണ്. യൂറിൻ പോകാൻ ട്യൂബും ട്രിപ്പും നൽകിയിട്ടുണ്ട്.കണ്ടാൽ എന്തോ അടിയന്തര ചികിത്സ നൽകുകയാണെന്നാണ് തോന്നുക. നാലഞ്ച് പൊലീസുകാർ എപ്പോഴും അവെൻറ കിടക്കയുടെ അടുത്തുണ്ട്. സംസാരിക്കാനോ ഒന്ന് തിരിഞ്ഞ് കിടക്കാനോ പോലും അവന് ആകുന്നില്ല.

പൊലീസുകാരനോട് സാറെ എന്താണ് പ്രശ്നമെന്നും വേറെ എങ്ങോെട്ടങ്കിലും മാറ്റണോ എന്നും ചോദിച്ചപ്പോൾ െഎ.സിയുവിൽ നിന്ന് മാറ്റിയതേ ഉള്ളൂ അപകടനില തരണംചെയ്തു എന്ന് കുറച്ച് അപ്പുറത്ത് നിന്ന ഡോക്ടർ ഉറക്കെ വിളിച്ച് പറഞ്ഞു. എന്നാൽ കെട്ടിയിട്ടതിനാൽ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന അവൻ കണ്ണ് കൊണ്ട് അല്ലെന്നുള്ള ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഒപ്പം വലത്തെ കൈയിലെ പെരുവിരൽ കൊണ്ട് ഒാക്സിജൻ സിലിണ്ടറിലേക്ക് വെപ്രാളത്തോടെ ചൂണ്ടുന്നുണ്ടായിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ വെപ്രാളംകൊണ്ട് കാണിക്കുന്നതാണെന്നായിരുന്നു ഡോക്ടർമാരുടെയും പൊലീസിെൻറയും മറുപടി. അത് വിശ്വസിക്കുകയായിരുന്നു, ഞങ്ങൾ. ചികിത്സിക്കുകയാണെന്ന് ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അധികൃതരുടേത്. കെട്ടിയിട്ടിരിക്കുന്നത് ഒാക്സിജൻ മാസ്കും മറ്റും പൊട്ടിച്ച് കളയാതിരിക്കാൻ വേണ്ടിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ പിന്നീടാണ് എല്ലാം മനസ്സിലായത് ഒരു ജീവനെ തീർക്കാനുള്ള ശ്രമമായിരുന്നു അവിടെ. ചികിത്സക്കിടെ മരിച്ചെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്. ഉച്ചയോടെ മൊഴിയെടുക്കാൻ ജഡ്ജിയെത്തുമെന്ന് അറിഞ്ഞതിന് പിന്നാലെ അവന് ഒരു ഇൻജങ്ഷൻ നൽകി. കൊടുത്ത് കൊണ്ടിരുന്ന ട്രിപ്പൊക്കെ മാറ്റിയാണ് ഇൻജങ്ഷൻ നൽകിയത്.

ഇൻജങ്ഷൻ നൽകി കുറച്ച് സമയത്തിനകം അവൻ മയക്കത്തിലേക്ക് വീണു. ജഡ്ജി വന്നു മൊഴിയെടുക്കുേമ്പാഴും അവൻ മയക്കത്തിൽ തന്നെയായിരുന്നു. ജഡ്ജി വരുേമ്പാൾ എന്നോട് കാണിച്ചത് പോലെ ആംഗ്യംകാണിക്കുമോ എന്ന് ഭയന്നിട്ടാണ് അവർ അവനെ ഇൻജങ്ഷൻ നൽകി മയക്കിയത്. ജഡ്ജി വന്നപ്പോൾ അബോധാവസ്ഥയിലാണെന്ന മറുപടിയാണ് ഡോക്ടറും മറ്റും നൽകിയത്. പൊലീസ് നടത്തിയ മനുഷ്യത്വ രഹിതമായ ക്രൂരതക്ക് ഡോക്ടറും സംഘവും കൂട്ട് നിന്ന് കോടതിയെയും പറ്റിച്ചു. രാത്രി പത്തോടെ ശ്രീജീവിെൻറ അവസ്ഥ മാറി. അവൻ കൂടുതൽ അസ്വസ്ഥനായി മാറി.

അത് ഒാരോ നിമിഷം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. എന്നാൽ ഞെരിപിരികൊള്ളാൻ പോലും ആകാത്ത ആ ജീവനുള്ള ശരീരത്തിൽ നിന്ന് കെട്ട് അഴിച്ച് വിടാൻ ആശുപത്രി അധികൃതർ തയാറായില്ല. പിറ്റേന്ന് പുലർച്ചെ ആറ് വരെ നീണ്ട് അവെൻറ പിടച്ചിൽ. ശരീരത്തിൽ നിന്ന് ജീവൻ ഉൗർന്ന് പോയെന്നുറപ്പായ ശേഷമാണ് അവർ കെട്ട് അഴിച്ചത്. മരിച്ചെന്നുറപ്പായ ശേഷം ശരീരത്തിെൻറ ചൂട് വിട്ട് മാറുന്നതിന് മുേമ്പ അവർ അവെൻറ വായിലേക്ക് ട്യൂബ് വഴി എന്തോ ഒഴിച്ച് നൽകി. അവനെ കെട്ട് അഴിച്ച് മാറ്റുേമ്പാഴാണ് വലത്തേ വാരിയെല്ലിന് സമീപം വലിയ ഒരു ചതവ് കാണുന്നത്. കൈകൊണ്ട് അവിടെ തൊടുേമ്പാൾ തന്നെ നമ്മുക്ക് അസ്വസ്ഥത ഉണ്ടാകുന്നതരത്തിലായിരുന്നു ആ ഭാഗം. അതെന്താെണന്ന് ചോദിച്ചപ്പോൾ കട്ടിലിൽ പിടിച്ച് കിടത്തിയപ്പോൾ തട്ടിയോ ഉരഞ്ഞോ ഉണ്ടായതിെൻറ പാടാണെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും പറഞ്ഞത്. അപ്പോൾ തുടങ്ങിയ സംശയത്തിൽ നിന്നാണ് അവേൻറത് മരണമല്ല, കൊലപാതകമാണെന്നതിലേക്ക് എത്തുന്നത്. സബ്കലക്ടറായിരുന്ന കാർത്തികേയൻ ഇൻക്വസ്റ്റ് തയാറാക്കാൻ നടത്തിയ പരിശോധനയിലാണ് പൊലീസ് ആ ശരീരത്തോട് ചെയ്ത ക്രൂരതകൾ അറിയുന്നത്.

ശരീരത്തിെൻറ ഒാരോ ഭാഗങ്ങളും അവർ ഇടിച്ച് ചതച്ചിരിക്കുകയായിരുന്നു. വൃഷണം മർദനമേറ്റ് ചതഞ്ഞ അവസ്ഥയിലായിരുന്നു. ബൂട്ട് കൊണ്ടോ മാരകായുധങ്ങൾ കൊണ്ടോ മർദനമേറ്റിട്ടുണ്ടെന്ന് ആദ്യനോട്ടത്തിൽ തന്നെ മനസ്സിലാകും. മുതുകും കാലിെൻറ പിറക് വശവുമൊക്കെ കറുത്ത് കരിവാളിച്ച നിലയിലായിരുന്നു. ഇത്രക്ക് മൃഗീയമായ മർദനമേറ്റിട്ടും ആത്മഹത്യയാണെന്ന് ഞങ്ങളെ പറഞ്ഞ് പറ്റിക്കാൻ ശ്രമിച്ച മെഡിക്കൽകോളജ് ആശുപത്രിയിലെ ഡോക്ടർമാരും ഇൗ കൊടുംക്രൂരതക്ക് കൂട്ട് നിൽക്കുകയായിരുന്നു.അവെൻറ മരണം ഞങ്ങൾക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. കൂലിപ്പണികൊണ്ട് ജീവിച്ച് പോകുന്ന ഞങ്ങൾ പരാതിയുമായോ ചോദ്യവുമായോ എങ്ങും ചെല്ലില്ലെന്ന വിശ്വാസമായിരിക്കണം കൊലക്ക് കൂട്ട് നിൽക്കാൻ ആശുപത്രിയിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

എന്നാൽ അവെൻറ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പലരോടും ഞാൻ അന്വേഷിച്ചു. ഇതിനിടെ അയലത്തെ വീട്ടിൽ ഒന്ന് രണ്ട് പേർ വന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകാൻ പറഞ്ഞു. അവർ തന്നെയാണ് പരാതി തയാറാക്കിയതും. എന്നാൽ അതിൽ നടപടികൾ ഉണ്ടായില്ല. ആ പരാതിയുടെ സ്വഭാവം നോക്കിയാൽ നടപടികൾ ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. എന്നെ ഒന്ന് തണുപ്പിക്കാൻ ആരുടെയൊക്കെയോ ശ്രമത്തിെൻറ ഭാഗമായിരുന്നിരിക്കണം ആ പരാതി നൽകാൻ സഹായവുമായി എത്തിയതിെൻറ പിന്നിൽ. പിന്നീട് ഞാൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോമോൻ പുത്തൻപുരക്കലിനെ പരിചയപ്പെടുന്നത്.

അദ്ദേഹവുമായി സംസാരിച്ചതിനൊടുവിലാണ് പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്ക് പരാതി നൽകാൻ പറഞ്ഞത്. പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ ജസ്റ്റിസ് നാരായണകുറുപ്പിന് നേരിട്ടാണ് പരാതി നൽകിയത്. ഒപ്പം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കും പരാതി നൽകി. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടും പരാതി നൽകി. എന്നാൽ ചെറുവിരലനക്കാൻ പോലും ആരും തയാറായില്ല. പ്രതികളും കൊലയാളികളുമൊക്കെ കൺമുന്നിൽ ഉണ്ടായിട്ടും നടപടി എടുക്കാൻ കൊല നടന്ന് ഒരു വർഷംപിന്നിട്ടിട്ടും ആരും തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് 2015 മേയിൽ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്്. നിരാഹാര സമരമായിരുന്നു, ആരും തിരിഞ്ഞ് നോക്കിയില്ല. ഇതിനിടയിൽ പൊലീസ് കംപ്ലയിൻറ് അതോറിറ്റി മൊഴിയെടുക്കൽ തുടങ്ങി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ െവച്ച് വിഷം കഴിച്ചതായുള്ള പൊലീസ് വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പൊലീസ് മർദിച്ച് അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റി കണ്ടെത്തി.

പാറശാല സർക്കിൾ സി.െഎ ഗോപകുമാർ, എസ്.െഎ ഡി. ബിജുകുമാർ, എ.എസ്.ഐ ഫിലിപ്പോസും സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ എസ്.െഎ ബിജുകുമാർ വ്യാജ രേഖ ചമച്ചതായും കണ്ടെത്തി. ഇതിനായി കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഉത്തരവ് ആവശ്യപ്പെടുന്നു.

ഉത്തരവിൽ പരാമർശിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് കൂടാതെ ശ്രീജീവിെൻറ മാതാവിനും പരാതിക്കാരനായ സഹോദരനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും നിർദേശമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കംപ്ലയിൻറ് അതോറിറ്റിയുടെ ഉത്തരവുകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കി. എന്നാൽ സംസ്ഥാന പൊലീസ് മേധാവി ഇതുവരേക്കും ഇതിെൻറ അന്വേഷണം ആരംഭിക്കാൻ പോലും തയാറായിട്ടില്ല.

ഇതിനിടയിൽ പത്ത് ലക്ഷം രൂപ രണ്ട് പൊലീസുകാർ എന്ന് അവകാശപ്പെട്ട് രണ്ട് പേർ വീട്ടിലെത്തിച്ചു. അതിലും അതിെൻറ പേപ്പറുകളിലും ദുരൂഹതയുണ്ട്. എന്നാൽ കൊലപാതകികൾക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നളിനി നെറ്റോയെ ശ്രീജിത്തും അമ്മയും പലവട്ടം പോയി കണ്ടിരുന്നു. ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇനി നടപടി എടുക്കേണ്ടത് ഡി.ജി.പി ആണെന്ന നിസ്സഹായ മറുപടിയാണ് അവിടെ നിന്ന് ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച് സർക്കാറിന് റിപ്പോർട്ട് കൊടുക്കേണ്ട ഡി.ജി.പിയും അലംഭാവം തുടർന്നതോടെ ഇടതുപക്ഷ സർക്കാറിെൻറ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. നടപടിയുണ്ടാകും ഇനി സമരംചെയ്യേണ്ടി വരില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടക്കി. എന്നാൽ അവിടെ നിന്നും തുടർ നടപടികൾ ഉണ്ടായില്ല. പിന്നീട് വീണ്ടും കാണാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. അങ്ങനെയാണ് ജനുവരി 30 ന് നിരാഹാര സമരം ആരംഭിക്കുന്നത്. എനിക്ക് പണമല്ല വേണ്ടത് എെൻറ അനുജനെ കൊന്നവർ സ്വതന്ത്രരായി ഇൗ ലോകത്ത് വിഹരിക്കുേമ്പാൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള ശ്രമമാണിത്. ഇനി ഒരിക്കലും ഒരു കസ്റ്റഡി കൊലപാതകം ഉണ്ടാകരുത്. അതിന് വേണ്ടിയാണ് ഇൗ പോരാട്ടം.
#JusticeForSreejith #SupportSreejith

കടപ്പാട് : ശ്രീജിത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത്..?
(ശ്രീജിത്തിനെ കുറിച്ച് 2017 ഏപ്രിൽ 17ന് മാധ്യമം ആഴ്ചപതിപ്പിൽ വന്ന അഭിമുഖം)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button