തിരുവനന്തപുരം: പഴത്തിനുള്ളില്‍ ഒളിപ്പിച്ച് 30 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താന്‍ ശ്രമം. വിമാനത്താവളത്തില്‍ കയറ്റുമതിക്ക് കൊണ്ടുവന്ന പഴക്കൂടുകള്‍ക്കുള്ളില്‍ നിന്നാണ് 1.80 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലെ ക്വാലാലംപൂര്‍ വഴി കൊളംബോയിലേക്കുള്ള യു.എല്‍-162 എയര്‍ലങ്കവിമാനത്തില്‍ കടത്താനാണ് പെട്ടികള്‍ കൊണ്ടുവന്നത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് മുപ്പത് ലക്ഷത്തോളം വിലവരും.
കൊല്ലം കൊട്ടിയം സ്വദേശി റിയാസ് അബ്ദുള്‍കലാമിന്റെ എക്സ്പോര്‍ട്ട് ലൈസന്‍സുപയോഗിച്ച് കയറ്റുമതിക്കു കൊണ്ടുവന്ന പഴം പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കെറ്റമിന്‍ എന്ന മയക്കുമരുന്ന്. എയര്‍ ലങ്കയ്ക്കായി എക്സ്റേ പരിശോധന നടത്തുന്ന ജെറ്റ് എയര്‍വെയ്സിന്റെ പരിശോധനയിലാണ് കെറ്റമിന്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെട്ടികള്‍ പരിശോധിച്ചത്. നേന്ത്രപ്പഴം നിറച്ച വലിയ കാര്‍ട്ടണുകള്‍ക്കുള്ളില്‍150 ഗ്രാം വീതം 12 പാക്കറ്റുകളിലാക്കി കറുത്ത ഷീറ്റു കൊണ്ട് പൊതിഞ്ഞ പെട്ടിക്കുള്ളിലായിരുന്നു മയക്കുമരുന്ന് കണ്ടത്. മയക്കുമരുന്നാണോ എന്ന് ഉറപ്പാക്കാനുള്ള കിറ്റ് കസ്റ്റംസിന്റെ പക്കലില്ലാതിരുന്നതിനാല്‍ അവര്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ സഹായം തേടി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എക്സൈസ് സംഘമെത്തിയാണ് ഇത് കെറ്റമിനാണെന്ന് സ്ഥിരീകരിച്ചത്.
റിയാസിനായി വിമാനത്താവളത്തില്‍ സേവനം നല്‍കുന്നത് മുട്ടത്തറയിലെ ഏജന്‍സിയാണ്. കസ്റ്റംസ് ഇവരെ ബന്ധപ്പെട്ടപ്പോഴേക്കും റിയാസിന് വിവരംകിട്ടി. ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിയാസിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലേഷ്യയിലെ ഒരു വ്യക്തിക്കായാണ് നേന്ത്രപ്പഴം കയറ്റിഅയച്ചത്. റിയാസിന് അടുത്തിടെയാണ് എക്സ്പോര്‍ട്ട് ലൈസന്‍സ് ലഭിച്ചത്. ഇത് രണ്ടാമത്തെ കയറ്റുമതിയാണ്. പെട്ടിക്കുള്ളിലുണ്ടായിരുന്ന നേന്ത്രപ്പഴം തീരെ ഗുണനിലവാരം കുറഞ്ഞതായിരുന്നു. മയക്കുമരുന്ന് കടത്തിനായാണ് റിയാസ് എക്സ്പോര്‍ട്ട് ലൈസന്‍സ് നേടിയതെന്ന് സംശയിക്കുന്നുണ്ട്. നേരത്തേ അയച്ച ലോഡിലും മയക്കുമരുന്ന് കടത്തിയിട്ടുണ്ടാവാമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments