ആലപ്പുഴ: അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ബാങ്കില്‍ നിന്നാണെന്ന വ്യാജേന എടിഎം വിവരങ്ങള്‍ മനസിലാക്കി യുവാവിന്റെ പണം തട്ടിയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത് ഫൈസലിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലെ 11,799 രൂപയാണ് ഇത്തരത്തില്‍ തട്ടിയത്. ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പണമിടപാടിനായി ഫൈസല്‍ ഇന്നലെ ഉച്ചക്ക് ബാങ്കില്‍ പോയിരുന്നു.
ഇതിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫൈസലിന്റെ ഫോണിലേക്ക് കോള്‍ വന്നത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിനാണെന്ന പേരിലാണ് തട്ടിപ്പ് സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ആധാര്‍ നമ്പര്‍ മനസിലാക്കിയ ശേഷം എ ടി എം കാര്‍ഡിന്റെ ഇരുവശവുമുള്ള നമ്പരുകളും സംഘം ശേഖരിച്ചു. ഇതിന് ശേഷം 10 മിനിറ്റുകള്‍ക്ക് ഉള്ളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവര്‍ പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടതായി മൊബൈലില്‍ മെസേജ് വന്നതിന് പിന്നാലെ ബാങ്കില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായി അറിയിപ്പ് ലഭിച്ചതായി ഫൈസല്‍ പറഞ്ഞു.
തുടര്‍ന്ന് ബാങ്ക് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം എ ടി എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് മണ്ണഞ്ചേരി പൊലീസിനും സൈബര്‍ സെല്ലിലും ഫൈസല്‍ പരാതി നല്കി. ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പ് ആയതിനാല്‍ പ്രതികളിലേക്ക് എത്തുന്നതിന് തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വരുന്ന ഫോണ്‍കോളുകളോട് കരുതലോടെ പ്രതികരിക്കണമെന്നും പൊലീസ് പറഞ്ഞു.
Post Your Comments