കാസര്‍കോട്: കാഞ്ഞങ്ങാട് രാവണേശ്വരത്ത് വീട്ടമ്മയെ അപായപ്പെടുത്തി വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഹോട്ടല്‍ ഉടമ പുല്ലൂര്‍ വേലാശ്വരത്തെ പച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനാണ്(55) തൂങ്ങി മരിച്ചത്.
കുഞ്ഞിക്കണ്ണന്റെ ഹോട്ടലിന് മുന്നിലുള്ള റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് വേലായുധന്റെ ഭാര്യ ജാനകിയെയാണ് അപായപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. വീടിന് വെളിയിലിറങ്ങിയ ജാനകിയെ കഴുത്തില്‍ കയറിട്ട് മുറുക്കി ബോധരഹിതയാക്കി വീടിന് അകത്ത് ഉണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ അന്യ സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയിതിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ദമ്പതികള്‍ പോലീസിന് നല്‍കിയ ചില മൊഴികളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിക്കണ്ണന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാളെ ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എസ്പി ഓഫീസില്‍ പോകേണ്ടതുകൊണ്ട് ചായക്കട തുറക്കുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും രാവിലെ കട വൃത്തിയാക്കാനാണെന്നും പറഞ്ഞ് പോവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നപ്പോള്‍ മകന്‍ അന്വേഷിച്ചെത്തിയപ്പോള്‍ കടയില്‍ കാണാത്തതിനെ തുടര്‍ന്നു പറമ്പില്‍ നടത്തിയ തിരച്ചിലിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കുഞ്ഞിക്കണ്ണനെ കണ്ടെത്തിയത്.
Post Your Comments