ആഗ്ര: സ്‌കൂളീല്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ വക ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ലളിത് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചത്.
സംഭവത്തില്‍ ലളിതിന്റെ പിതാവ് വിപേന്ദര്‍ യാദവ് പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെത്താന്‍ പത്ത് മിനിറ്റ് വൈകിയതിന് പ്രിന്‍സിപ്പാള്‍ രവീന്ദര്‍ പായ് സിംഗും അധ്യാപകന്‍ സത്യദേവ് പാണ്ഡെയും ചേര്‍ന്ന് ലളിതിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 11നാണ് സംഭവം നടക്കുന്നത്.
മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ ശേഷം വീട്ടില്‍ പൊക്കോളുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെയും അധ്യാപകനെതിരെയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരുക്ക് പറ്റി. വ്യാഴാഴ്ച ശസ്ത്രക്രിയ ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിതാവ് പറയുന്നു. ലളിതിനെ തങ്ങള്‍ ഉപദ്രവിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറയുന്നത്.
Post Your Comments