ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് പൊതുവെ മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ അരങ്ങേറിയ ഒരു മാന്യതയുമില്ലാത്ത വിക്കറ്റാണ് ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നത്. വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെയാണ് അമ്പയറുടെ വിവാദ തീരുമാനം ഉണ്ടായത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജീവേശന്‍ പിള്ളയുടെ പുറത്താകലാണ് നീതിക്ക് നിരക്കാത്തത് എന്ന് ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
ജീവേശന്‍ ഷോട്ടിന് ശ്രമിച്ച പന്ത് ബാറ്റില്‍ കൃത്യമായി കൊള്ളാതിരിക്കുകയും സ്റ്റംപിന് അടുത്തേക്ക് നീങ്ങുകയുമായിരുന്നു. താരം പന്ത് തടഞ്ഞിടാന്‍ ശ്രമിക്കുകയും പിന്നീട് പന്ത് കൈയിലെടുത്ത് വിന്‍ഡീസ് നായകനും വിക്കറ്റ് കീപ്പറുമായ ഇമ്മാനുവല്‍ സ്റ്റുവര്‍ട്ടിന് നല്‍കുകയും ചെയ്തു.
എന്നാല്‍ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ജീവേശനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുവര്‍ട്ട് തുടരെ അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടുകയും അംപയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു.
ജീവേശനെ പുറത്താക്കാനുള്ള വിന്‍ഡീസ് നായകന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. മാന്യന്‍ മാരുടെ കളി എന്ന് പേരുള്ള ക്രിക്കറ്റില്‍ ഇത് ഒരു മാന്യതയും ഇല്ലാത്ത പ്രവൃത്തിയാണെന്നും പലരും ആരോപിക്കുന്നു. 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോളാണ് സംഭവം.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ 76 റണ്‍സിന് തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ട വച്ച 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 45.3 ഓവറില്‍ 206 റണ്‍സിന് പുറത്തായി.
Post Your Comments