KeralaLatest NewsNews

സംഘ്പരിവാര്‍ ഭരണത്തില്‍ ഇന്ത്യയില്‍ തൊഗാഡിയക്കുപോലും സുരക്ഷ ഇല്ലാതായി – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം•സംഘ്പരിവാര്‍ ഭരണത്തില്‍ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാജസ്ഥാന്‍ പോലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് വധിച്ചപ്പോള്‍ അതാഘോഷിച്ച തൊഗാഡിയക്ക് ഇങ്ങനെ ഒരു പേടി വന്നത് കാവ്യ നീതിയാണെങ്കിലും ജനാധിപത്യ ഇന്ത്യയിലെ പോലീസ് സേന ഈ അവസ്ഥയിലാണ് എന്നത് ആശങ്കാജനകമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

ഗുജറാത്ത് നിയമസഭാ അംഗം ജിഗ്‌നേഷ് മേവാനി തന്നെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ പദ്ധതി മെനയുന്നതായി ആരോപിച്ചിട്ടുണ്ട്. സൊഹ്രാബുദ്ദീന്‍ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പങ്കിനെപ്പറ്റി നിരവധി ആരോപണങ്ങള്‍ വന്നതും ആ കേസ് വാദം കേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതും രാജ്യത്തെ ജനങ്ങള്‍ കണ്ടതാണ്. ബി.ജെ.പിയുമായോ അമിത്ഷായുമായോ വിയോജിക്കുന്ന ആരും രാജ്യത്ത് സുരക്ഷിതരല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്. പോലീസ് സേനയും നീതി പീഠവും സംഘ്പരിവാര്‍ താല്‍പര്യങ്ങളിലാണ് മുന്നോട്ട് പോകുന്നത്. ഇത് രാജ്യത്തെ നിയമ പാലന നീതി നിര്‍വഹണ സംവിധാനങ്ങളില്‍ അവിശ്വാസം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യം രാജ്യത്തിന് അപകടകരമാണ്. പോലീസ് സേനയെ നിയന്ത്രിക്കുകയും അവരെ നിയമപരമായി മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടം രാജ്യത്ത് രൂപപ്പെടുക മാത്രമാണ് ഇതിന് പോംവഴി. ഇതിനായി ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.​

shortlink

Post Your Comments


Back to top button