Latest NewsNewsIndia

ഹജ്ജ് സബ്സിഡി നിര്‍ത്തി , സബ്സിഡി തുക ഉപയോഗിക്കുന്നത് ഇതിന്

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിനുള്ള സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പ്രതിവര്‍ഷം 700 കോടി രൂപയാണു ഹജ് സബ്സിഡിയായി അനുവദിച്ചിരുന്നത്. ഈ തുക മുസ്ലിം വിദ്യാര്‍ഥികളുടെ, പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ, വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്നു കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

ന്യൂനപക്ഷക്ഷേമമാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.പ്രീണനമില്ലാത്ത വികസനമാണു സര്‍ക്കാര്‍ നയം. സബ്സിഡി നിര്‍ത്തലാക്കിയതിലൂടെ അന്തസായി ഹജ്ജ്  നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ക്കു കഴിയും.അതേസമയം സൗദി അറേബ്യയില്‍ ഹജ്ജിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തുടരും.കടല്‍മാര്‍ഗം ഹജ്ജിനു പോകാന്‍ സൗകര്യമൊരുക്കുമെന്നും നഖ്വി പറഞ്ഞു.

കേന്ദ്രതീരുമാനത്തോടു സമ്മിശ്രപ്രതികരണമാണുയര്‍ന്നത്. തീരുമാനത്തെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തപ്പോള്‍ കെ.പി.സി.സി. നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. ഹജ്ജ്  സബ്സിഡിയുടെ ആനുകൂല്യം യഥാര്‍ഥത്തില്‍ അനുഭവിച്ചിരുന്നത് എയര്‍ലൈന്‍സുകളാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

ഹജ്ജ്  സബ്സിഡി 10 വര്‍ഷംകൊണ്ടു ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നു സുപ്രീം കോടതി 2012-ല്‍ ഉത്തരവിട്ടിരുന്നു. സബ്സിഡിയുടെ ആനുകൂല്യം സമ്പന്നരും ഏജന്റുമാരും തട്ടിയെടുക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, സുപ്രീം കോടതി അനുവദിച്ച കാലയളവിന് ഇനിയും നാലുവര്‍ഷമുണ്ടെന്നിരിക്കേ ധൃതിയില്‍ സബ്സിഡി നിര്‍ത്തലാക്കിയതിനെ ന്യൂനപക്ഷസംഘടനകള്‍ വിമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button