Latest NewsNewsGulf

സൗദിയും യു.എ.ഇയും ഖത്തറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനു പുറകെ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുഎഇ യുദ്ധവിമാനങ്ങള്‍

ദോഹ: മുന്നറിയിപ്പില്ലാതെ യു.എ.ഇ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെതിരേ ഖത്തര്‍ യു.എന്നില്‍ പരാതി നല്‍കി. യുഎഇയില്‍ നിന്ന് ബഹ്‌റൈനിലേക്ക് സൈനികരെയും വഹിച്ച് പോവുകയായിരുന്ന യുദ്ധവിമാനമാണ് മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങാതെ തങ്ങളുടെ വ്യോമാതിര്‍ത്തിക്കകത്തു കൂടി കടന്നുപോയതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് യു.എന്നിലെ ഖത്തര്‍ പ്രതിനിധി ശെയ്ഖ് ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനി യു.എന്‍ സെക്രട്ടറി ജനറലിന് കത്ത് നല്‍കി. ഖത്തറിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് കത്തില്‍ ആരോപിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് യു.എ.ഇ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. ഖത്തര്‍ അതിര്‍ത്തി സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിക്കുന്ന നടപടി ഖത്തര്‍ തുടരുകയാണെന്നും ഖത്തര്‍ പ്രതിനിധി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഡിസംബര്‍ 21നും യു.എ.ഇ വിമാനം ഖത്തര്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. ഖത്തര്‍ ആകാശത്ത് 33,000 അടി ഉയരത്തില്‍ ഒരു മിനുട്ട് നേരം അതിര്‍ത്തി ലംഘനം തുടര്‍ന്നു. യു.എ.ഇയുടെ ഈ നിലപാട് നിരുത്തരവാദപരവും പ്രകോപനപരവുമാണെന്നും ഖത്തര്‍ കുറ്റപ്പെടുത്തി. അതേസമയം, ഖത്തറിന്റെ വ്യോമാതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാനടപടിയും രാജ്യം സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കി.

ഖത്തറിനെതിരേ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രധാന്യമാണ് അതിര്‍ത്തി ലംഘനത്തിന് കല്‍പ്പിക്കപ്പെടുന്നത്. സൗദിയും യു.എ.ഇയും ചേര്‍ന്ന് ഖത്തറിനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധം ഭരണകൂടത്തിന് മാത്രമല്ല, ജനങ്ങളെയും ദുരിതത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് യു.എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button