മലപ്പുറം: കുറ്റിപ്പുറം പുഴയോരത്തു കണ്ടെത്തിയ ക്ലേമോര്‍ കുഴിബോംബുകളെക്കുറിച്ചു മഹാരാഷ്ട്ര പുല്‍ഗാവിലെയും പൂനെയിലേയും സൈനിക ആയുധശാലകളില്‍നിന്ന് ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പുല്‍ഗാവിലെ ആയുധശാലയില്നിന്നു പഞ്ചാബിലേക്ക് അയച്ച ബോംബുകളാണ് ഇവയെന്നു പിടികിട്ടിയെങ്കിലും ഓരോന്നിന്റെയും സീരിയല്‍ നമ്പര്‍ കിട്ടാന്‍ സംഘം അവിടെ തങ്ങുകയാണ്.
രേഖാമൂലമുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ മറ്റുകാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ സാധിക്കൂവെന്നു കേസിന്റെ അന്വേഷണച്ചു മതലയുള്ള പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്‍ പറഞ്ഞു. അതേസമയം, വെടിക്കോപ്പുകള്‍ കണ്ടെത്തിയ കുറ്റിപ്പുറം മേഖലയിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റിപ്പുറം പാലത്തിന് മുകളില്‍നിന്നു വെടിക്കോപ്പുകള്‍ താഴേക്ക് എറിഞ്ഞതാകാനാണു സംശയിക്കുന്നത്.
അഞ്ച് കുഴിബോംബുകള്‍ കണ്ടെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസം 545 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇവ പാലത്തിന്റെ ഏഴാമത്തെ തൂണിന് താഴെ നിന്നാണ് ലഭിച്ചത്. പാലത്തിന്റെ അടിയില്‍നിന്ന് അല്പം മാറി ലഭിച്ച ലോഹത്തകിടുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതാകാമെന്നാണ് കരുതുന്നത്. താഴേക്കിട്ടതാകാമെന്ന നിരീക്ഷണത്തില്‍ പോലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. കണ്ടെത്തിയ വെടിയുണ്ടകളുടെ 43 ഉറകളും 62 ബ്ലാങ്ക് ബുള്ളറ്റുകളും കണ്ടെത്തി. എസ്.എല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എം.എം തിരകളാണ് കണ്ടെടുത്തവയെല്ലാം. കുഴിബോംബ് സ്ഫോടനം നടത്തുന്നതിന് ഉപയോഗിക്കുന്ന ആറ് പള്‍സ് ജനറേറ്ററുകള്‍, ഇവ ബന്ധിപ്പിക്കുന്ന നാലു കേബിളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ട്യൂബ് ലോഞ്ചറുകള്‍, അനുബന്ധമായി ഉപയോഗിക്കുന്ന ലോഹനിര്‍മിത വളയം എന്നിവയാണു കണ്ടെത്തിയത്.
Post Your Comments