KeralaLatest NewsNews

പോലീസ് കൈകാണിച്ചിട്ടും അർധരാത്രി വിദ്യാർത്ഥിനിയെ ഇറക്കാതെ കെ എസ് ആർ ടി സി ബസ്: നടന്നത് നാടകീയ സംഭവങ്ങൾ

പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത പതിനേഴ് വയസ്സുള്ള വിദ്യാര്‍ഥിനിക്ക് ഇറങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിക്കൊടുത്തില്ല. രണ്ടുസ്ഥലത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്താതായതോടെ ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ് വിദ്യാര്‍ഥിനിയെ ഇറക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. കെ.എസ്.ആര്‍.ടി.സി.യുടെ മിന്നല്‍ ബസാണ് വില്ലന്‍. കോട്ടയം പാലയിലെ എന്‍ട്രസ് കോച്ചിങ് സ്ഥാപനത്തില്‍നിന്ന് വരികയായിരുന്നു വിദ്യാര്‍ഥിനി.

എട്ടുമണിക്കാണ് പാലയില്‍ നിന്ന് കയറിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക്ചെയ്തത് കോഴിക്കോട്ട് വരെയായിരുന്നു. കൂട്ടുകാരികള്‍ കോഴിക്കോട്ട് ഇറങ്ങിപ്പോയി. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസര്‍കോട്ടേക്കാണെന്ന് മനസ്സിലായത്. വിദ്യാര്‍ഥിനി ഇതിനാല്‍ ബസില്‍ തന്നെയിരുന്നു. സമയം രണ്ടുമണിയായി. കണ്ടക്ടർ കുട്ടിയുടെ അടുത്തെത്തിയപ്പോൾ ബസ് കോഴിക്കോട് വിട്ടിരുന്നു. കൂടാതെ ബസ് പയ്യോളിയിൽ നിർത്തില്ലെന്നും കണ്ടക്ടർ അറിയിച്ചു.

മിന്നല്‍ ബസിന് ഒരുജില്ലാ കേന്ദ്രം കഴിഞ്ഞാല്‍ മറ്റൊരു ജില്ലാ ആസ്ഥാനത്താണ് സ്റ്റോപ്പെന്നും കണ്ണൂര്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് എടുത്തുകൊള്ളാനും കണ്ടക്ടർ പറഞ്ഞു.വിദ്യാര്‍ഥിനി 111 രൂപകൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റെടുത്തു. ബസില്‍ കയറി അബദ്ധം പറ്റിയത് കുട്ടി പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞു. പിതാവ് പയ്യോളി പോലീസ് സ്റ്റേഷനില്‍ പോയി വിവരം പറഞ്ഞു.ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ബസിനു കൈകാണിച്ചു എങ്കിലും നിർത്താതെ പോയി.

മൂരാട് പാലത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിര്‍ത്തിയില്ല. ഇതറിഞ്ഞതോടെ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി. രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നതോടെ വിദ്യാര്‍ഥിനി തളര്‍ന്നു. പിതാവ് കുട്ടിക്ക് ഇടയ്ക്കിടെ ധൈര്യം പകരുന്നുണ്ടായിരുന്നു. വടകര പോലീസ് വിവരമറിഞ്ഞെത്തിയപ്പോഴേക്കും ബസ് അവിടം പാസ് ചെയ്തിരുന്നു. തുടര്‍ന്ന് ചോമ്പാല പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടത്. അപ്പോഴേക്കും മൂന്നു മണിയായി.

പിതാവ് ബൈക്കിലെത്തി കുട്ടിയെ പീന്നിട് കൂട്ടിക്കൊണ്ടുവന്നു. പോലീസില്‍ പരാതിയും നല്‍കി. വിദ്യാര്‍ഥിനി കണ്ടക്ടറോട് കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഉറങ്ങാതിരുന്ന മറ്റ് യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും പറയുന്നു. രാത്രി പത്തുമണി കഴിഞ്ഞാല്‍ ഏത് വാഹനവും നിര്‍ത്തണമെന്ന നിയമം ഉണ്ട്.പയ്യോളി നിന്ന് 24 കിലോമീറ്ററാണ് കുഞ്ഞിപ്പള്ളിയിലേക്കുള്ളത്. കണ്ണൂരില്‍ എത്തുമ്പോള്‍ മൂന്നേമുക്കാലാവും. അവിടെ ആ സമയത്ത് വിദ്യാര്‍ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന പോലീസിന്റെ ചോദ്യത്തിന് ആലപ്പുഴ സ്വദേശികളായ ജീവനക്കാര്‍ക്ക് ഉത്തരമില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button