തിരുവനന്തപുരം: പ്രവാസികള്‍ക്കായി കേരള വികസന നിധി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയാറുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്തുമ്പോള്‍ യോഗ്യതക്കനുസരിച്ച് ഏതെങ്കിലും സ്ഥാപനത്തില്‍ തൊഴില്‍ നേടുന്നതിന് ഇതുവഴി അവകാശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭക്ക് സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി നിക്ഷേപം സുഗമമാക്കുന്നതിനും പ്രവാസിക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികളും ചുവടുവെപ്പുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിന് പ്രത്യേക വായ്പ സൗകര്യം ഏര്‍പ്പെടുത്തും. സംരംഭകരാകാന്‍ തയാറുള്ളവരുമായി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ ആശയവിനിമയം നടത്തുന്നതിന് പ്രത്യേകം ഏജന്‍സി സ്ഥാപിക്കും. വിദേശത്ത് അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരള വികസന ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് ലോക കേരളസഭയെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍
പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപംനല്‍കും. ഒരോ വിദേശ മേഖലക്കും പ്രത്യേക പ്രവാസി വാണിജ്യ ചേംബറുകളുണ്ടാകും
എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനല്‍ സമിതികള്‍ രൂപവത്കരിക്കും
പ്രഫഷനലുകളുടെ സേവനം കേരളത്തിലെ ഗവേഷണ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും
വിദേശ രാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം കേരളത്തില്‍ തുടരുന്നതിനുള്ള സൗകര്യം ഉറപ്പാക്കും
വിദേശത്ത് ജോലിചെയ്യുന്നവര്‍, മടങ്ങിയെത്തിയവര്‍, ഇതര സംസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ എന്നിവര്‍ക്കായി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശത്ത് ജോലിയെടുക്കുന്നവര്‍ക്കായി പ്രത്യേക മേഖല ഉപവകുപ്പുകളും നോര്‍ക്കയിലുണ്ടാകും
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് സഹായപദ്ധതികള്‍ ആവിഷ്‌കരിക്കും
എന്‍.ആര്‍.ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനം ആരംഭിക്കുന്നതിന് സാധ്യത പഠനം നടത്തും
പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിന് അനുമതി വേഗത്തിലാക്കാനും ഏകജാലക അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും
ചെറുകിട സംരംഭങ്ങളില്‍ പ്രവാസികളുടെ നിക്ഷേപസാധ്യത പഠനവിധേയമാക്കും
കായികരംഗത്ത് പ്രവാസി നിക്ഷേപസാധ്യതകള്‍ ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്ന കാര്യം സര്‍ക്കാര്‍ ആരായും
സാംസ്‌കാരികരംഗത്ത് ബിനാലെ രീതിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവങ്ങള്‍ വ്യാപകമാക്കുന്നതിന് പ്രവാസി നിക്ഷേപത്തിന്റെ ഒരുഭാഗം വിനിയോഗിക്കുന്നകാര്യം ചര്‍ച്ചചെയ്യും
കേരളത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സാങ്കേതിക സഹായവും പ്രവാസി നിക്ഷേപവും കൊണ്ടുവരണമെന്ന നിര്‍ദേശം പരിഗണിക്കും
പ്രവാസി ക്ഷേമത്തിന് കുടുംബശ്രീ മാതൃകയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മടങ്ങിയെത്തുന്നവര്‍ക്കുള്ള സംരക്ഷണം, ഇന്‍ഷുറന്‍സ് പദ്ധതികള്‍, പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പഠനം
നഴ്‌സിങ് മേഖലയില്‍ റിക്രൂട്ട്മന്റെുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശന നടപടി. പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇടപെടല്‍
Post Your Comments