കൊല്‍ക്കത്ത: നാണയനിര്‍മാണം നിര്‍ത്തിവെക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നു. രാജ്യത്തെ നാല് നാണയനിര്‍മാണശാലകളോടും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത, മുംബൈ, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള നാണയനിര്‍മാണ ശാലകളുള്ളത്.
എന്നാല്‍, നേരത്തേയുണ്ടായിരുന്നതിലും കുറവ് നാണയങ്ങള്‍ മാത്രമേ തല്‍ക്കാലം ഉല്‍പാദിപ്പിക്കൂ. രണ്ടിനുപകരം ഒരു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. നിലവിലുള്ള എല്ലാ നാണയങ്ങളുടെയും നിര്‍മാണം തുടരും.
2017–18 സാമ്പത്തികവര്‍ഷത്തില്‍ 7712 ദശലക്ഷം നാണയങ്ങള്‍ നിര്‍മിക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതി. ഇതില്‍ 5900 ദശലക്ഷം നാണയങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന രണ്ടരമാസത്തിനിടെ ബാക്കി കൂടി നിര്‍മിക്കാനാവുമെന്നാണ് പ്രതീക്ഷ. വിപണിയിലെ ബാഹുല്യവും ശേഖരിച്ചുവെക്കാനുള്ള പ്രയാസവും കണക്കിലെടുത്ത് നാണയനിര്‍മാണം നിര്‍ത്തിവെക്കാന്‍ ഈമാസം ഒമ്പതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നിര്‍മിച്ച 2528 ദശലക്ഷം നാണയങ്ങള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കാത്തതിനാല്‍ നിര്‍മാണശാലകളില്‍തന്നെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. റിസര്‍വ് ബാങ്കിലും മറ്റു ബാങ്കുകളിലും ഇവ സൂക്ഷിക്കാനുള്ള സ്ഥലമില്ലാത്തതാണ് കാരണം.
Post Your Comments