കേരളം സുരക്ഷിതമല്ലേ? ഈ ചോദ്യം ഓരോ മലയാളിയുടെയും മനസ്സില്‍ ഉണ്ടാകും. കാരണം ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര ഭീതിതമാണ്. കുറ്റിപ്പുറത്ത് ചാക്കില്‍ കെട്ടി താഴ്ത്തിയനിലയില്‍ വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുള്ള ക്ലേമോര്‍ മൈനുകളും കണ്ടെത്തി. മലബാറിലേക്കുള്ള പ്രധാന യാത്രാവഴിയിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ കുറ്റിപ്പുറം പാലം. ഇവിടെ ഇത്തരം ഒരു അതുഗ്ര സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് സംശയം ജനിപ്പിക്കുന്നു.
കുറ്റിപ്പുറത്തുനിന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള 50 മീറ്റര്‍ ചുറ്റളവില്‍ ഉള്ളവ തകര്‍ക്കാന്‍ ശേഷിയുള്ള കുഴിബോംബുകളാണ്. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുള്ള ക്ലേമോര്‍ മൈനുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയില്‍നിന്നുള്ളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയില്‍നിന്ന് രാജ്യത്തെ ഏതെങ്കിലും സൈനികത്താവളത്തിലേക്ക് കൊണ്ടുപോയ വെടിക്കോപ്പുകളാകാം ഇതെന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് ആയുധക്കൊള്ളക്കാരോ തീവ്രവാദ വിഭാഗങ്ങളോ ഇവ തട്ടിയെടുത്തതാവാം എന്നുമാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ 41 സൈനിക ആയുധപ്പുരകളില്‍ ഏറ്റവും വലുതാണ് പുല്‍ഗാവിലേത്. കഴിഞ്ഞവര്‍ഷം മേയ് 31-ന് ഈ ആയുധപ്പുരയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചിരുന്നു. സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്ന് മരിച്ചത്. അവിടെ സൂക്ഷിച്ചിരുന്ന പഴകിയ ടാങ്ക്വേധ ബോംബുകള്‍ അന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്ഫോടനശേഷിലുള്ള ട്രൈനൈട്രോ ടൊളുവിന്‍ വാതകം ചോര്‍ന്നാണ് 19325 ബോംബുകള്‍ പൊട്ടിത്തെറിച്ചത്. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആ കേന്ദ്രത്തില്‍നിന്നുള്ള സ്ഫോടകവസ്തുക്കള്‍ കുറ്റിപ്പുറം പാലത്തിന് താഴെനിന്ന് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ ആയുധങ്ങള്‍ എങ്ങനെ ഇവിടെ എത്തിയതെന്ന് സംശയം ജനിപ്പിക്കുന്നു.
ഇനി മറ്റൊന്ന് ചിന്തിക്കാം. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിനു തെളിവാണ് ഈ ആയുധ ശേഖരം കണ്ടെത്തിയത്. കൂടാതെ സംസ്ഥാനങ്ങളുടെ സുരക്ഷയില്‍ വീഴയുണ്ടായിട്ടുന്ടെന്നും ഈ വിഷയം ബോധ്യപ്പെടുത്തുന്നു. യുദ്ധകാലങ്ങളില്‍ ശത്രുക്കള്‍ക്കെതിരേമാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള ഇവ, സമാധാനകാലത്ത് രാജ്യത്തിനകത്ത് കണ്ടെത്തിയത് ഗുരുതരമായ സംഭവമല്ലെ. റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് രാജ്യം തയ്യാറെടുക്കുന്ന വേളയില്‍ ഇത്തരം ആയുധ ശേഖരം കണ്ടെത്തിയത് നല്‍കുന്ന സൂചനയെന്ത്? മറ്റൊന്ന് മലബാറിലേക്കുള്ള പ്രധാന യാത്രാവഴിയിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ കുറ്റിപ്പുറം പാലം. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ എന്നറയിപ്പെടുന്ന മല്ലൂര്‍കടവ്. മകര വിളക്ക് പ്രമാണിച്ച് വന്‍ ഭക്ത ജന തിരക്കാണ് ശബരിമലയില്‍. ശബരിമല ദര്‍ശനത്തിനും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരുമായ നൂറുക്കണക്കിനു അയ്യപ്പഭക്തര്‍ കുളിക്കുന്ന കടവിനടുത്തു നിന്നും കുഴിബോംബുകള്‍ കണ്ടെത്തിയതും മിനിപമ്പയുടെ പരിസരത്ത് പോലീസ് സാന്നിധ്യമുള്ളപ്പോഴാണ് സംഭവമെന്നതും സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
40-100 കിലോഗ്രാം ഭാരം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന ആന്റിപഴ്സണല്‍ മൈനുകള്‍ സൈന്യം ശത്രുക്കളെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്. അഞ്ച് ബോംബുകള്‍ ഒരേസമയം പൊട്ടുകയാണെങ്കില്‍ പാലം തകര്‍ക്കാനാകുമെന്ന് പൊലീസ് പറയുന്നു. സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള പട്ടാളബോംബുകളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുഴിബോംബാണ് കണ്ടെടുത്തത്. 1999-ല്‍ നിര്‍മ്മിച്ചതാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. കാലാവധിക്കുശേഷം പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാക്കുകയാണ് പതിവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശബരിമലയില്‍ അട്ടിമറിയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ശക്തമാകുകയാണ്.
സൈന്യത്തിനു പുറമെ മാവോയിസ്റ്റുകളാണ് കുഴിബോംബുകള്‍ ഉപയോഗിക്കാറുള്ളത്. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നതിനു മുന്‍പ് മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. കുറ്റിപ്പുറം മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണ്. കൂടാതെ തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകള്‍ മലബാറില്‍ പിടിമുറുക്കുന്നതായി സൂചനയുണ്ട്. ചില മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇറാഖ്, ബോസ്നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് ഇസ്ലാമിക് തീവ്രവാദികളാണോ ഇതിനു പിന്നിലെന്നും സംശയമുണ്ട്.
രശ്മിഅനില്‍
Post Your Comments