ബെംഗളൂരു: കാര്‍ട്ടോസാറ്റ്- രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ജനവരി 12-ന് ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കും.
ഐ.എസ്.ആര്‍.ഒ.-യുടെ നൂറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്- രണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് പി. എസ്.എല്‍.വി.സി.- 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍. എസ്.എസ്-1 എച്ച് വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും.
കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.
Post Your Comments