KeralaLatest NewsNews

തനിക്കും സുഹൃത്തുക്കള്‍ക്കും ശുചിമുറി സേവനം ആവശ്യപ്പെട്ട് പി. ജയരാജന്റെ മകന്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതായി പരാതി

മട്ടന്നൂര്‍ (കണ്ണൂര്‍): പൊലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റില്‍ പോകാന്‍ സൗകര്യം നല്‍കിയില്ലെന്നതിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ആശിഷ് രാജ് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ബുധനാഴ്ച രാവിലെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടികളും അദ്ധ്യാപകരുമടക്കം പതിനഞ്ചോളം പേരുണ്ടായിരുന്നു ആശിഷിനൊപ്പം. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മേലധികാരിക്ക് പരാതി നല്‍കി . പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് രാജും പരാതി നല്‍കി.

പൊലീസ് പറയുന്നത് :
രാവിലെ എട്ടരയോടെ പത്തിലേറെ വരുന്ന സംഘം ടൂറിസ്റ്റ് ബസില്‍ എത്തിയതായിരുന്നു. 8 പേര്‍ പെണ്‍കുട്ടികളാണ്. രണ്ട് അദ്ധ്യാപകരും ഒപ്പം ആശിഷും. ഭോപ്പാലില്‍ നടന്ന എന്‍.സി.ഇ.ആര്‍.ടി കലാ ഉത്സവില്‍ നൃത്തം അവതരിപ്പിച്ച് ബംഗളുരു വഴിയെത്തിയാണെന്നാണ് പറഞ്ഞത്. തനിക്കൊപ്പമുള്ളവര്‍ക്ക് സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആശിഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും പേര്‍ക്ക് സ്റ്റേഷനില്‍ സൗകര്യം നല്‍കാനാവില്ലെന്നും സമീപത്തെ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം ഉപയോഗിക്കാമെന്നും അറിയിച്ചു.

തുടര്‍ന്ന് ആശിഷ് അപമര്യാദയായി പെരുമാറി. ബഹളവുമുണ്ടാക്കി. പൊലീസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും സ്റ്റേഷനില്‍ പരാതി എഴുതി നല്‍കിയാണ് ഇവര്‍ മടങ്ങിയത്.
വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാനാവില്ലെന്ന നിലപാടെടുത്തത്.

സംഭവത്തില്‍ കേസൊന്നുമെടുത്തിട്ടില്ലെന്നും ഉന്നതഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സി.ഐ എ.വി.ജോണ്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button