Latest NewsKeralaNews

ദുരൂഹത ബാക്കി നില്‍ക്കുന്ന നെട്ടൂര്‍ കായലില്‍ വീപ്പയില്‍ പൊങ്ങിയ മൃതദേഹത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രം പോലീസിന് സഹായകമാകുന്നു

കൊച്ചി: രണ്ടു മാസത്തിനിടെ നെട്ടൂര്‍ കായലില്‍ നിന്ന് രണ്ടാമത്തെ മൃതദേഹവും കിട്ടിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പോലീസ് സംഘം. സ്ത്രീയുടെ ശരീരമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ട്രാന്‍സ് ജെന്‍ഡര്‍ ആണോയെന്നും പോലീസിന് സംശയമുണ്ട്. കാണാതായ ട്രാന്‍സ് ജെന്‍ഡറുകളുടെ വിവരം ശേഖരിക്കാനും തുടങ്ങി. അരഞ്ഞാണത്തിന് നീളം കുറവായതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും മനസ്സിലായി. 30 അംഗ പോലീസ് സംഘത്തേയാണ് സജ്ജമാക്കിയിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതോടെ മൃതശരീരരത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി. എല്ലാ അസ്ഥികളിലും ഡോക്ടര്‍മാര്‍ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളിന്റെ കാലില്‍ മരിക്കുന്നതിന്റെ മൂന്ന് മാസം മുന്‍പ് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. എന്നാല്‍ എല്ലുകള്‍ ഉറച്ചിരുന്നില്ലെന്നത് പൊലീസിന് സഹായകരമാകുന്ന നിര്‍ണ്ണായക കണ്ടെത്തലായി. തലയോട്ടിയില്‍ നടത്തിയ പരിശോധനയില്‍ 153 സെമീ ഉയരമാണ് ശരീരത്തിന് കണക്കാക്കുന്നത്. തലയോട്ടിയില്‍ നിന്ന് മുഖത്തിന്റെ ഏകദേള രൂപം കണ്ടെത്താന്‍ ഫോറന്‍സിക് സംഘത്തോട് കൊച്ചി സിറ്റി പോലീസ് നിര്‍ദേശം നല്‍കി. മൃതദേഹം വായു സമ്പര്‍ക്കം ഇല്ലാതെ അടച്ചത് നിര്‍ണ്ണായകമായെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അസ്ഥികള്‍ ജീര്‍ണ്ണിക്കാന്‍ സാധാരണയേക്കാള്‍ എട്ടു മടങ്ങ് സമയം എടുക്കും. നെട്ടൂരില്‍ ചാക്കില്‍ 50 കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കട്ട കെട്ടി താഴ്ത്തിയ യുവാവിന്റെ മൃതദേഹം പൊങ്ങി വന്നതിന് പിന്നാലെയാണ് അടുത്ത കൊലപാതകവും പുറത്തു വന്നത്. യുവാവിന്റെ കൊലപാതക കേസില്‍ ഏഴ് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ വീപ്പയിലെ മൃതശരീരം സംബന്ധിച്ച്‌ അന്വേഷണത്തിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥര്‍ അടിയന്തിര യോഗം ചേര്‍ന്നു.

പ്ലാസ്റ്റിക് ചാക്കില്‍ കോണ്‍ക്രീറ്റ് കട്ട വെച്ച്‌ കായലില്‍ താഴ്ത്തിയ യുവാവിന്റെ മൃതദേഹം നവംബര്‍ അഞ്ചിനാണ് ലഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മിക്സ് ഉറപ്പിച്ചത്. ഇതിന് സമാനമായ നിലയിലാണ് ഇന്നലെ വീപ്പയില്‍ കണ്ടെത്തിയ കോണ്‍ക്രീറ്റ് കട്ടയും.ഇഷ്ടിക അടുക്കി വെച്ച ശേഷം കോണ്‍ക്രീറ്റ് മിക്സ് കൊണ്ട് ബന്ധിപ്പിച്ച വിധത്തിലാണ് ഇതുള്ളത്. അതിനാല്‍ സംഭവത്തിന് പിന്നില്‍ ഒരേ സംഘമായിരിക്കുമെന്നും പൊലീസ് സംശയിക്കുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പിപി ഷംസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. അന്വേഷണ ഉദ്യോഗസ്ഥരായ എറണാകുളം സൗത്ത് സിഐ സിബി ടോം, പനങ്ങാട് എസ്‌ഐ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button