തൃശൂര്‍ : അമ്മയുടെ കണ്ണില്‍നിന്ന് ഇക്കാലമത്രയും ഒഴുകിയ കണ്ണുനീരിന്റെ പാടുമായ്ക്കാന്‍ മിനുവിന് ഒറ്റ ദിവസം ധാരാളമായിരുന്നു. മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാനും കടം വീട്ടാനും ആകെയുള്ള വീട് വിറ്റു പണം കണ്ടെത്തിയ അമ്മയ്ക്കു കേരള നടനത്തിലെ എ ഗ്രേഡിലൂടെ മകള്‍ ചങ്കുപറിച്ചു പകരം നല്‍കി.
മത്സരം കഴിഞ്ഞാല്‍ പോകാന്‍ ഇടമില്ലാത്തതിനാല്‍ ആലപ്പുഴയില്‍ അമ്മാവന്റെ വീട്ടിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയാണ് അമ്മയും മകളും. കലോത്സവത്തില്‍ പങ്കെടുക്കാന്‍ വീട് വില്‍ക്കണമായിരുന്നോ എന്ന ചോദ്യത്തിന് ഈ അമ്മയുടെ മറുപടി ഇങ്ങനെ: ”രണ്ടു വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയ കുട്ടിയാണവള്‍. എനിക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു…’
ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മിനു രഞ്ജിത്ത് ആദ്യമായാണു സംസ്ഥാന കലോത്സവത്തില്‍ വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷം സ്‌കൂളിലെ സംഘനൃത്ത ടീമിന്റെ ക്യാപ്റ്റനായി കലോത്സവത്തില്‍ പങ്കെടുത്തെങ്കിലും വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുണിത്തരങ്ങള്‍ വീടുതോറും കൊണ്ടുനടന്നു വിറ്റാണ് അമ്മ സീമ മകളെ പഠിപ്പിക്കുന്നത്.
മൂന്നു വയസ്സു മുതല്‍ മകളെ നൃത്തം പഠിപ്പിക്കുന്നുണ്ടെങ്കിലും കലോത്സവ പ്രതീക്ഷകള്‍ സാമ്പത്തിക പ്രയാസത്തില്‍ തട്ടി തകരുകയാണു പതിവ്. മിനുവിന്റെ ആഗ്രഹം ഈ വട്ടമെങ്കിലും സാധിപ്പിക്കണമെന്ന ആഗ്രഹമാണു വീട് വില്‍ക്കാമെന്ന തീരുമാനത്തിലേക്കു നയിച്ചത്. തിരുവനന്തപുരം സ്വദേശി ബാലു എന്ന നൃത്താധ്യാപകന്‍ സൗജന്യമായി പരിശീലനം നല്‍കി. കടങ്ങള്‍ ഒരുപാട് ഉണ്ടായതിനാല്‍ വീട് വിറ്റുകിട്ടിയ പണം പലവഴിക്കു തീര്‍ന്നു. സീമയുടെ അമ്മയുടെ വിഹിതമായി ലഭിച്ച രണ്ടര സെന്റ് സ്ഥലത്ത് ചെറിയൊരു വീട് തട്ടിക്കൂട്ടുകയാണ് അടുത്ത ലക്ഷ്യം.
Post Your Comments