കൊച്ചി : എറണാകുളത്തെ കുമ്പളത്ത് കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ടാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണിതെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരമൊരു കൊലപാതകത്തിന്റെ വിവരം പുറത്തു വന്ന നിമിഷം മുതല്‍ ഒരു ചോദ്യമുയരുകയാണ്. ഈ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ഒരു സംഭവത്തോട് സാമ്യമുണ്ടോ?. ‘ജുങ്കോ ഫുറുത കേസ്’ എന്നറിയപ്പെടുന്ന കൊലപാതകം അതിന്റെ ക്രൂരത ഒന്നുകൊണ്ടാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്.
ഇനി എന്താണ് ജുങ്കോ ഫുറൂത കേസ് എന്നറിയാം… 44ദിവസം നീണ്ട അതി ക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്.
1988 നവംബര്‍ 25ന് നാല് ചെറുപ്പക്കാര്‍ ജുങ്കോ ഫുറൂതയെ തട്ടിക്കൊണ്ടുപോയി. അവരില്‍ ഒരാളുടെ രക്ഷിതാവിന്റെ പേരിലുളള വീട്ടിലേയ്ക്കാണ് തട്ടിക്കൊണ്ടുപോയത്. . പിന്നീടുള്ള 44 ദിവസം നേരിടേണ്ടി വരുന്ന നരകതുല്ല്യമായ യാതനകളെക്കുറിച്ച് അപ്പോള്‍ അവള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. ഈ നാല്‍പ്പത്തിനാല് ദിവസങ്ങളില്‍ മിക്കവാറും സമയം അവര്‍ ജുങ്കോ ഫുറുതയെ നഗ്നമായി നിര്‍ത്തി. തോന്നുന്ന സമയങ്ങളിലൊക്കെ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു.
ജപ്പാനീസ് മാഫിയയായ യകൂസകള്‍ അടക്കം വരുന്ന അഞ്ഞൂറോളം പേര്‍ അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. ചില ദിവസങ്ങളില്‍ പന്ത്രണ്ട് പുരുഷന്മാര്‍ വരെ അവരെ ലൈംഗികമായി പീഡിപ്പിച്ചു.ഇതിനൊക്കെ പുറമേ കടുത്ത ശാരീരിക പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും ജുങ്കോ ഫുറുതയ്ക്ക് കടന്നുപോകേണ്ടി വന്നു. ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ആ പെണ്‍കുട്ടിയെ ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിലേയ്ക്ക് ( സിമന്റ് മിക്സ് ചെയ്യുന്ന യന്ത്രം ഘടിപ്പിച്ച വാഹനം) നിക്ഷേപിക്കുകയായിരുന്നു ചെയ്തത്.
ഒരു മൃതദേഹം ഒളിപ്പിക്കാനോ നശിപ്പിക്കാനും എളുപ്പം അത് കാണാത്ത വിധം പരസ്യമായി തന്നെ വെയ്ക്കുകയാകും എന്നൊരു വികല ബുദ്ധിയായിരുന്നു കൊലപാതകികള്‍ക്ക് തോന്നിയത്.
ജുങ്കോ ഫുറുതയുടെ മൃതദേഹം ഒളിപ്പിച്ച അതേ വിധത്തിലാണ് കുമ്പളത്ത് നിന്നും കേരളാപൊലീസിന് ലഭിച്ച മൃതദേഹവും അടക്കം ചെയ്തത്. ഇവിടെ വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകള്‍ വശത്തും കോണ്‍ക്രീറ്റ് ഒഴിച്ച് മൂടുകയായിരുന്നു. എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്റെ കനത്തില്‍ അസ്ഥികള്‍ മടങ്ങണം എങ്കില്‍ മൃതദേഹത്തിന് നല്ല പഴക്കമുണ്ടാകണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ അനുമാനം.കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുന്‍പ് മത്സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേയ്ക്ക് കൊണ്ടുവന്നത്. ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ അത് അവര്‍ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments