Latest NewsNewsIndia

എട്ട് വര്‍ഷത്തിനിടെ എട്ട് വിവാഹങ്ങള്‍ കഴിച്ച് നാലര കോടി തട്ടി : വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

കോയമ്പത്തൂര്‍: പലതരം തട്ടിപ്പുക്കഥകള്‍ കേട്ടിട്ടുണ്ട്. ഇവിടെ ഇതാ വ്യത്യസ്തമായ മറ്റൊന്ന്. ബിസിനസ് പൊളിഞ്ഞു കുത്തുപാളയെടുത്തപ്പോള്‍ തോന്നിയ കുബുദ്ധി. വിവാഹ തട്ടിപ്പ് നടത്തി ജീവിക്കാം. അങ്ങനെ അതൊരു തൊഴിലാക്കി. വര്‍ഷം എട്ട് പിന്നിട്ടു. കെട്ടിയത് എട്ട് സ്ത്രീകളെ. എല്ലാവരെയും പെരുവഴിയിലാക്കി അടുത്ത കെട്ടിന് കളമൊരുക്കവെ പെട്ടു. 57 കാരനായ ബി പുരുഷോത്തമനെതിരേ കോയമ്പത്തൂര്‍ പോലീസ് ഒടുവില്‍ കേസെടുത്തു. അപ്പോഴുണ്ടായത് പരാതിപ്രളയം. 18 കേസുകളാണ് ഇപ്പോള്‍ പുരുഷുവിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ട് വര്‍ഷത്തിനിടെ ഇയാള്‍ തട്ടിയത് നാലര കോടിയാണെന്ന് പോലീസ് പറയുന്നു.

ലോറി ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് വെല്ലാളൂര്‍ സ്വദേശിയായ പുരുഷോത്തമന്‍. ബിസിനസ് പൊളിഞ്ഞപ്പോള്‍ ജീവിക്കാന്‍ പുതിയ വഴി കണ്ടെത്തുകയായിരുന്നു തട്ടിപ്പിലൂടെ. എട്ട് വര്‍ഷത്തിനിടെ നിരവധി സ്ത്രീകളെ വിവാഹം ചെയ്തു പുരുഷോത്തമന്‍.

എട്ട് പേരെ വിവാഹം ചെയ്യുക മാത്രമല്ല, എല്ലാവരെയും വഞ്ചിച്ച് പണം തട്ടുകയും ചെയ്തു. ഇന്നിപ്പോള്‍ എല്ലാ ഭാര്യമാരും തെരുവിലാണ്. സ്വന്തമായുണ്ടായിരുന്നു വീടും സ്വര്‍ണവുമെല്ലാം പല പേരില്‍ പുരുഷുത്തമന്‍ സ്വന്തമാക്കി. ചിലതെല്ലാം വിറ്റു പണവുമായി മുങ്ങി.

നാലര കോടിയാണ് ഇയാള്‍ വിവാഹ തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഭാര്യമാരില്‍ ഒരാള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷിച്ചത്. അപ്പോള്‍ പരാതി പ്രളയമായിരുന്നു. ഇപ്പോള്‍ 18 കേസാണ് പുരുഷോത്തമനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കോയമ്പത്തൂര്‍ പോലീസ് പറയുന്നു.

ചെന്നൈക്കാരി ഇന്ദിരാ ഗാന്ധി കോളേജ് അധ്യാപികയാണ്. പുരുഷോത്തമന്‍ ഇവരെ വിവാഹം ചെയ്തതു ഇവരുടെ ആസ്തി കണ്ടിട്ടായിരുന്നു. വളരെ സ്നേഹത്തോടെ ആയിരുന്നു പുരുഷോത്തമന്‍ പെരുമാറിയിരുന്നത്. അതില്‍ വീണുപോയെന്ന് ഇന്ദിരാ ഗാന്ധി പറയുന്നു.

ചെന്നൈയിലെ ഹൃദയ ഭാഗത്തുള്ള വീട് വിറ്റു കോയമ്പത്തൂരിലേക്ക് മാറാം എന്ന് എപ്പോഴും പുരുഷോത്തമന്‍ നിര്‍ബന്ധിക്കുമായിരുന്നു. ഒടുവില്‍ ഇന്ദിരാ ഗാന്ധിയും സമ്മതിച്ചു. ഉടനെ ഒന്നര കോടിക്ക് വീട് വില്‍പ്പന നടന്നു. പണവുമായി പുരുഷോത്തമന്‍ മുങ്ങുകയും ചെയ്തു.

ഇപ്പോള്‍ ഇന്ദിരാ ഗാന്ധിക്ക് ഭര്‍ത്താവുമില്ല, പണവുമില്ല, കയറിക്കിടക്കാന്‍ വീടുമില്ല. എന്നാല്‍ പുരുഷുവിനെ വെറുതെവിടില്ലെന്ന് തീരുമാനിച്ചു അവര്‍. വിശദമായ പരാതി തയ്യാറാക്കി പോലീസിന് നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് സമാനമായ രീതിയില്‍ നാല് സ്ത്രീകളെ കൂടി പുരുഷു പറ്റിച്ചിട്ടുണ്ടെന്ന് ബോധ്യമായത്.

ഇന്ദിരാ ഗാന്ധി പുരുഷോത്തമന്റെ നാലാമത്തെ ഭാര്യയാണ്. ഇന്ദിരയുടെ പണമായി മുങ്ങിയ ശേഷം വീണ്ടും നാല് സ്ത്രീകളെ പുരുഷോത്തമന്‍ വിവാഹം ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നാല് ഭാര്യമാരാണിപ്പോള്‍ പുരുഷു പണം തട്ടിയെന്ന് കാണിച്ച് കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
മറ്റൊരു ഭാര്യ കുമുദവല്ലിയുടെ കൃഷി ഭൂമിയാണ് നഷ്ടപ്പെട്ടത്. നാട്ടില്‍ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്നും മൂന്ന് കോടി ചെലവാക്കിയാല്‍ ആ സ്വത്ത് സ്വന്തമാക്കാമെന്നും അതുവിറ്റാല്‍ 17 കോടി ലഭിക്കുമെന്നും പുരുഷു വിശ്വസിപ്പിച്ചു. സംശയം ഒട്ടും തോന്നാത്ത കുമുദവല്ലി കൃഷി ഭൂമി വിറ്റു പണം കൈമാറി.

കോയമ്പത്തൂരിലെ ഒരു വൈവാഹിക ഏജന്‍സി മുഖേനയാണ് പുരുഷോത്തമന്‍ ഭാര്യമാരെ തേടിയിരുന്നത്. ഏജന്‍സി നടത്തിയിരുന്നത് മോഹന്‍, വനജ കുമാരി എന്നിവാണ്. ഇവര്‍ പുരുഷോത്തമനില്‍ നിന്ന് വന്‍തോതില്‍ പണം കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ധനികരുടെ വീട്ടിലെ വിധവകളെയാണ് പുരുഷോത്തമന്‍ വിവാഹത്തിന് തിരഞ്ഞെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button