KeralaLatest NewsNews

കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്

മലപ്പുറം : കുറ്റിപ്പുറത്തു കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്. ഇവ നിര്‍മിച്ചതും കൊണ്ടുവന്നതും എവിടെനിന്നാണെന്നു മാത്രമാണു ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്‍ ഇന്നോ, നാളെയോ ബോംബ് സൂക്ഷിച്ചിരിക്കുന്ന പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലെത്തും. പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏത് സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ എളുപ്പമാണെന്നും അറിയിച്ചിരുന്നു.

ഈ പരിശോധനകൂടി കഴിഞ്ഞ ശേഷമാകും ബോംബ് സൈന്യത്തിന്റെയാണോ എന്നതു സംബന്ധിച്ച്‌ അന്തിമസ്ഥിരീകരണമുണ്ടാവുക. ഏറ്റുമുട്ടലിനു ശേഷം മാവോയിസ്റ്റ് സംഘങ്ങള്‍ സൈനികരുടെ ആയുധങ്ങള്‍ കൊള്ളയടിച്ച സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്പ്പെട്ടിയട്ടുണ്ട്. എന്നാല്‍ രാജ്യത്തിന് പുറത്തുനിന്നും എത്തിച്ചതാണെങ്കില്‍ ഭീകരസംഘനകളെ കേന്ദ്രീകരിച്ചാകും അന്വേഷണം. വന്‍നാശനഷ്ടം വിതയ്ക്കാന്‍ കഴിയുന്നതാണിവ. കാഞ്ചി പുറത്തേക്ക് നിര്‍ത്തുകയോ ഉപരിതലത്തിന് താഴെ കുഴിച്ചിടുന്ന പതിവ് രീതിയല്ല ക്ലേമോറില്‍ ഉപയോഗിക്കുന്നത്.

പിന്‍ ഊരിയ ശേഷം കുത്തനെ നിര്‍ത്തി ഒരു ഭാഗം മാത്രം മണ്ണില്‍ താഴ്ത്തിവെക്കും, ശേഷം ബോംബില്‍ ഘടിപ്പിച്ച ഡിറ്റനേറ്റര്‍ വയര്‍കൊണ്ടോ വിദൂര നിയന്ത്രണ സംവിധാനം കൊണ്ടോ ആണ് സ്ഫോടനം നടത്തുക. പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിനു കീഴില്‍ രൂപീകരിച്ച പുതിയ അന്വേഷണ സംഘമാണു സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍, വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ ഡല്‍ഹിയില്‍നിന്നുള്ള ബോംബ് വിദഗ്ധന്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചാല്‍ മതിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

സൈനത്തിന്റേതാണെന്നു സ്ഥിരീകരിച്ചാല്‍ അന്വേഷണം മാവോയിസ്റ്റുകളിലേക്കു തിരിയും. അമേരിക്ക വികസിപ്പിച്ചെടുത്ത ക്ലേമോര്‍ ഇനത്തില്‍പ്പെട്ട കുഴിബോംബുകളാണ് കുറ്റിപ്പുറത്തുനിന്ന് കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ചെന്നെയില്‍നിന്നുള്ള എന്‍.എസ്.ജി സംഘം, ബോംബുകള്‍ കരസേനക്കായി മഹാരാഷ്ട്രയില്‍ നിര്‍മിച്ചതാകാനാണു സാധ്യതയെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വളാഞ്ചേരി സ്വദേശിയായ യുവാവ് അഞ്ചു മൈനുകളും അതിനടുത്തായി പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗും കണ്ടെത്തിയത്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസ് അറിയിച്ചതിനെ തുടര്‍ന്നു മലപ്പുറത്തു നിന്നു ബോംബ് സ്ക്വാഡ് എത്തി ബോംബുകള്‍ മലപ്പുറം എ.ആര്‍ ക്യാമ്പിലേക്കു മാറ്റി. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓരോ കുഴി ബോംബിലും നൂറു കണക്കിന് കുഞ്ഞന്‍ ഉരുക്ക് ഗോളങ്ങളുണ്ടാകും. 1960 മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളില്‍ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്ഫോടകവസ്തുവാണിത്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ മലപ്പുറം ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി ജയ്സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിരൂര്‍ ഡിവൈ.എസ്.പി: ഉല്ലാസ്കുമാര്‍, പെരിന്തല്‍മണ്ണ സി.ഐ: ടി.എസ്. ബിജു, നിലമ്ബൂര്‍ സി.ഐ: കെ.എം. ബിജു എന്നിവരാണ് മറ്റംഗങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button