കൊച്ചി: വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഴുകി തീര്‍ന്ന മൃതദേഹത്തിന്റെ അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബറിന് മുന്‍പ് കൊലപാതകം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലകീഴായി നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുകയാണ്. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. കൊലപാതക വിവരം ഒരിക്കലും പുറത്ത് വരരുതെന്ന ഉദ്ദേശത്തില്‍ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ടതിനെ തുടര്‍ന്ന് അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി കായലിനോട് ചേര്‍ന്നുള്ള പറമ്പില്‍ നാല് മാസം മുന്‍പ് മത്സ്യത്തൊഴിലാളികളാണ് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്.
മൃതദേഹം അഴുകിയതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് പുറത്തുവന്ന നെയ് ജലോപരിതലത്തില്‍ എത്തിയപ്പോള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് വീപ്പ പരിശോധിച്ചുവെങ്കിലും കല്ലാണെന്ന് കണ്ടെത്തിയതോടെ വീണ്ടും കരയിലേക്കിട്ടു. കഴിഞ്ഞ ദിവസം ഇവിടെ തന്നെ മത്സ്യബന്ധനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനേയും തുടര്‍ന്ന് പോലീസിനും അറിയിക്കുകയായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഉമേഷ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹത്തിന്റെ തലയോട്ടിയിലെ മുടി പുരുഷന്റേതിന് സമാനമാണെന്നാണ് സൂചന. എന്നാല്‍ മുടി ബോബ് ചെയ്ത പെണ്‍കുട്ടിയുടേതാണെന്നും സംശയിക്കപ്പെടുന്നു. മൃതദേഹത്തിന്റെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വീപ്പയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ നിരോധിച്ച മൂന്ന് അഞ്ഞൂറ് രൂപാ നോട്ടുകളും ഒരു നൂറ് രൂപയും കണ്ടെത്തി.
നെട്ടൂരില്‍ കഴിഞ്ഞ നവംബറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇഷ്ടിക ചാക്കില്‍ നിറച്ചാണ് മൃതദേഹം കായലില്‍ താഴ്ത്തിയത്. രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Post Your Comments