Latest NewsNewsDevotional

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശ്രീമഹാദേവനും പാര്‍വതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ 12 ദിവസം മാത്രം പാര്‍വതീദേവിയുടെ നട തുറക്കുന്നതില്‍ ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളില്‍ ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ ദിവസം മഹാദേവനു വേണ്ട നിവേദ്യങ്ങള്‍, തിടപ്പള്ളിയില്‍ വച്ച് പാര്‍വതീദേവി തന്നെയാണു തയാറാക്കിയിരുന്നത്. ഈ സമയത്തു തിടപ്പള്ളിയിലേക്ക് ആരും കടന്നുചെല്ലരുതെന്നു പാര്‍വതിയുടെ അരുളപ്പാട് ഉണ്ടായിരുന്നു.

എന്നാല്‍ ഒരു ദിവസം പാര്‍വതി നിവേദ്യം തയാറാക്കവേ അകവൂര്‍ മനയുടെ ഉരാണ്‍ മക്കളിലൊരാള്‍ തിടപ്പള്ളിയിലെ രഹസ്യമറിയാന്‍ അവിടേക്ക് ഒളിഞ്ഞുനോക്കി. അപ്പോള്‍ അവിടെ സര്‍വാഭരണ വിഭൂഷിതയായ പാര്‍വതീദേവിയെ കണ്ടു. അദ്ദേഹം ഭക്തിലഹരിയില്‍ ‘അമ്മേ ജഗദാംബികേ, പാര്‍വതീദേവീ, രക്ഷിക്കണേ’ എന്ന് അറിയാതെ വിളിച്ചു പോയി. എന്നാല്‍ തന്റെ വിലക്കു ലംഘിച്ചു തിടപ്പള്ളിയിലേക്ക് ഒളിഞ്ഞുനോക്കിയതില്‍ ക്ഷുഭിതയായ പാര്‍വതീദേവി അവിടം വിട്ടുപോകാന്‍ തീരുമാനിച്ചു. അതറിഞ്ഞ് അദ്ദേഹം ചെയ്തുപോയ തെറ്റിനു പാര്‍വതീദേവിയോടു ക്ഷമായാചനം നടത്തുകയും അവിടം വിട്ടുപോകരുതെന്നു കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തുവത്രേ.

ആ ഭക്തന്റെ കരളലിയിപ്പിക്കുന്ന ഭക്തിയോടെയുള്ള ക്ഷമാപണത്തിലും അപേക്ഷയിലും മനസ്സലിവു തോന്നിയ പാര്‍വതീദേവി ഇപ്രകാരം അരുള്‍ ചെയ്തുവത്രേ: ഭഗവാന്റെ തിരുനാള്‍ ദിവസമായ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം സര്‍വാഭരണ വിഭൂഷിതയായ എന്നെ വന്നു കാണുന്ന ഭക്തര്‍ക്കു ദര്‍ശനം നല്‍കി സര്‍വ ഐശ്വര്യങ്ങളും നല്‍കിക്കൊള്ളാം എന്ന്. ഇതെ തുടര്‍ന്നാണു ധനുമാസത്തിലെ തിരുവാതിര മുതലുള്ള 12 ദിവസത്തിലെ നടതുറപ്പുത്സവം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

സ്ത്രീകളുടെ ശബരിമല എന്നും ദക്ഷിണ കൈലാസം എന്നുമൊക്കെ ഇവിടം അറിയപ്പെടുന്നു. മംഗല്യവരദായിനി ക്ഷേത്രമായ തിരുവൈരാണിക്കുളത്തു തളികനിവേദ്യമാണു പ്രധാന വഴിപാട്. സതീദേവിയും കുടികൊള്ളുന്ന ഏകക്ഷേത്രമായും ഇത് അറിയപ്പെടുന്നു. ഈ നടയിലാണു തളികനിവേദ്യത്തിനു പ്രാധാന്യം. പാര്‍വതീദേവിയുടെ തിരുനട, വര്‍ഷത്തില്‍ 12 ദിവസമാണു തുറക്കുന്നതെങ്കിലും സതീദേവിയുടെ നട ദിവസവും തുറക്കും. സതീദേവി ദക്ഷയാഗത്തിലെ ഹോമകുണ്ഡത്തില്‍ ചാടി ആത്മഹത്യ ചെയ്തപ്പോള്‍ ചിതയില്‍ സതീദേവിയുടെ ശരീരം പൊട്ടിത്തെറിച്ചുവത്രേ. ദേവിയുടെ ശരീരത്തില്‍ നിന്നു ഭഗവാന്‍ അണിയിച്ച താലി തെറിച്ചു വീണത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു.

അര്‍ജുനനു പാശുപതാസ്ത്രം നല്‍കിയ ശേഷം കിരാതമൂര്‍ത്തിഭാവത്തിലുള്ള ക്ഷിപ്രപ്രസാദിയായ മഹാദേവനാണ് ഇവിടെയുള്ളത്. ഭദ്രകാളിയുടെയും മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും സതീദേവിയുടെയും മഹാഗണപതിയുടെയും തിരുനടകള്‍ ദിവസവും തുറക്കുകയും പൂജാദികര്‍മങ്ങള്‍ നടത്തുകയും ചെയ്തുവരുന്നു. നാനാദിക്കില്‍ നിന്നും ലക്ഷക്കണക്കിനു സ്ത്രീകള്‍ ഈ ക്ഷേത്രത്തിലെത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button