ന്യൂഡല്‍ഹി : ആധാര്‍ ഡാറ്റാ ബാങ്ക് സുരക്ഷിതമല്ലെന്ന് തെളിവ് സഹിതം വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പത്രാധിപന്മാരുടെ സംഘടന ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇത് വരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
500 രൂപ കൊടുത്താല്‍ വാട്‌സ് അപ്പ് വഴി ആരുടെയും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്നായിരുന്നു ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, ആധാര്‍ നിയമം എന്നിവയിലെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മാത്രമല്ല, റിപ്പോര്‍ട്ടര്‍ ചോര്‍ത്തിയെടുത്ത ആധാര്‍ വിവരങ്ങളുടെ വിശദാംശങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് പത്രാധിപര്‍ക്ക് കത്തും നല്‍കി. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പത്രം വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെയാണ് വാര്‍ത്ത നല്‍കിയതെന്നും കേസില്‍ റിപ്പോര്‍ട്ടര്‍ക്ക് ഏതറ്റം വരെയും നിയമസഹായം നല്‍കുമെന്നും എഡിറ്റര്‍ ഇന്‍ ചീഫ് ഹരീഷ് ഖരെ അറിയിച്ചു. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തെ തടയുന്ന നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പത്രാധിപന്മാരുടെ സംഘടന ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments