Latest NewsKeralaNews

അധികൃതരുടെ വാക്ക് വിശ്വസിച്ച കുടുംബശ്രീയിലെ 41 വനിതകളെ തേടിയെത്തിയത് ജപ്തി നോട്ടീസ്

നിലമ്പൂര്‍: അധികൃതരുടെ വാക്ക് വിശ്വസിച്ച കുടുംബശ്രീയിലെ 41 വനിതകളെ തേടിയെത്തിയത് ജപ്തി നോട്ടീസ്. വഴിക്കടവ് പഞ്ചായത്തിലെ കുടുംബശ്രീയിലെ വനിതകള്‍ക്കാണ് ഇത്തരത്തിലൊരു ദുരവസ്ഥയുണ്ടായത്. കൂണ്‍ കൃഷിയില്‍ പ്രശസ്തി നേടിയ സ്ഥലങ്ങളാണ് വഴിക്കടവും എടക്കര കൂണ്‍ ഗ്രാമവും. വഴിക്കടവ് പഞ്ചായത്തില്‍ കുടുംബശ്രീയുടേയും കേരള ഗ്രാമിണ്‍ ബാങ്ക് വഴിക്കടവ് ബ്രാഞ്ചിന്റെയും സഹായത്തോടെ കൂണ്‍കൃഷിക്ക് ഇറങ്ങിയ എട്ട് യൂനിറ്റുകളിലെ 41 വനിതകളാണ് കേരള ഗ്രാമിണ്‍ ബാങ്കിന്റെ ജപ്തി നോട്ടിസ് എത്തിയത്.

2014ല്‍ കുടുംബശ്രീയും പഞ്ചായത്തും തിരുവനന്തപുരം വിതുര പ്ലാന്റേഷന്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് കൂണ്‍കൃഷിക്ക് വനിതകളെ തെരഞ്ഞെടുത്തത്. 2.5ലക്ഷം രൂപ വായ്പയായി ഓരോ യൂനിറ്റിനും നല്‍കുകയും ചെയ്തിരുന്നു. ഒരു യൂണിറ്റില്‍ അഞ്ച് വനിതകള്‍ വീതമാണുള്ളത്. ഒരു യൂണിറ്റില്‍ മാത്രം ആറ് അംഗങ്ങളുമുണ്ട്. ബാങ്ക് വായ്പയായി നല്‍കിയ രണ്ടരലക്ഷത്തില്‍ ഒരു ലക്ഷം രൂപ കൃഷിഭവനും 50000 രൂപ ജില്ലാ കുടുംബശ്രീ മിഷനും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് പണം അനുവദിച്ചത് പ്ലാന്റേഷന്‍ സൊസൈറ്റി കോഡിനേറ്റര്‍ ജയകുമാരന്‍ നായരുടെ വിതുര ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറിലേക്കാണ്.

കൂണ്‍ ഷെഡും, കൃഷിക്കാവശ്യമായ കൂണ്‍ ഉള്‍പ്പെടെയുളള അനുബന്ധ സാധനങ്ങളും മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാമെന്നും കരാറില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കൂണ്‍ഷെഡ് നിര്‍മിച്ചു നല്‍കുകയും ഒരുതവണ മാത്രം കൂണും അനുബന്ധ സാധനങ്ങളും നല്‍കുകയും ചെയ്തു. ഏകദേശം 80000 രൂപ മാത്രം ചെലവു വരുന്ന കൂണ്‍ഷെഡിന് അന്നത്തെ പഞ്ചായത്ത് എന്‍ജിനിയര്‍ വിഭാഗം 2.60 ലക്ഷം രൂപയാണ് ചെലവാക്കിയതായി കണക്ക് നല്‍കിയത്. കൃഷി ആദ്യത്തില്‍ തന്നെ നഷ്ടമായതോടെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കൃഷിഭവനും ജില്ലാ കുടുംബശ്രീ മിഷനും സബ്സിഡി നിഷേധിച്ചു.

സബ്സിഡി ലഭിക്കുന്നതിനായി മുടക്കം തെറ്റാതെ ഓരോ അംഗങ്ങളും 7000 രൂപയിലധികം ബാങ്ക് വായ്പയിലേക്ക് അടക്കുകയും ചെയ്തു. തുടര്‍ന്നുള്ള അടവ് തെറ്റിയതോടെ ബാങ്ക് ജപ്തി നടപടി ആരംഭിക്കുകയും അടവ് തിരിച്ചടക്കുന്നതിന് 40 ഗഡുക്കള്‍ അനുവദിക്കുകയും ചെയ്തു. ആദ്യഗഡുവായി പത്ത് ശതമാനം തുക അടക്കണമെന്നായിരുന്നു വ്യവസ്ഥ. കൂലിപണി ചെയ്യുന്ന വനിതകള്‍ ഇത്രയും വലിയ തുക ഒന്നിച്ചടക്കാന്‍ കഴിയാതെ വന്നതോടെ ഇതും വിഫലമായി. നിലവില്‍ പലിശയടക്കം മൂന്നര ലക്ഷം രൂപയോളം ഓരോ യൂനിറ്റു അടക്കാനുണ്ട്. വിവാഹ സംബന്ധമായ ആവശ്യം വന്നതിനെ തുടര്‍ന്ന് കാരക്കോട് തനിമ യൂനിറ്റ് തുക മുഴുവന്‍ തിരിച്ചടച്ച് കാര്‍ഷിക വായ്പയാക്കി പുതുക്കി വാങ്ങി. കടക്കാരായി മാറിയതോടെ കുടുംബങ്ങളിലും പ്രശ്നങ്ങള്‍ ഉടലെടുത്തതായും ഇവര്‍ പറയുന്നു. കോടതിയെങ്കിലും കനിയുമെന്ന പ്രതീക്ഷയില്‍ മഞ്ചേരിയിലെ ജില്ലാ കോടതിയില്‍ നിയമസഹായം തേടിയിരിക്കുകയാണ് ഈ വീട്ടമ്മമാര്‍. 2014ല്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സി.ഡി.എസ് പ്രസിഡന്റ്, വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി എന്നിവര്‍ മുകൈയെടുത്ത് ജയകുമാരന്‍ നായരെ കൂടി പങ്കെടുപ്പിച്ച് പഞ്ചായത്ത് പരിസരത്ത് യോഗം നടത്തുകയും തങ്ങളെ കബളിപ്പിക്കുകയും ചെയ്തതെന്നാണ് ഇവരുടെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button