Latest NewsNewsGulf

പക്ഷിപ്പനി പടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം

ബംഗളൂരു•കര്‍ണാടകയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 900ത്തോളം പക്ഷികളില്‍ പക്ഷിപ്പനി വിഭാഗത്തിലെ എച്ച്‌ 5എന്‍1(H5N1)വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 29-നാണ് കര്‍ണ്ണാടകയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. അടുത്തിടെ ദസറഹള്ളിയിലെ ചിക്കന്‍ കടയില്‍ നിരവധി കോഴികള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴികളില്‍ പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണര്‍ നാഗരാജു അറിയിച്ചു.

പക്ഷിപ്പനി കണ്ടെത്തിയ ഇടങ്ങളിലെ ഇറച്ചികടകള്‍ അടച്ചു പൂട്ടാനും, ദസറഹള്ളിയില്‍ ശുചിത്വം പാലിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ കോഴികളില്‍ നിന്ന് പനി ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിരോധ നടപടികളും, ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പക്ഷിപ്പനി തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പക്ഷികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ 900-ത്തോളം പക്ഷികള്‍ക്കാണ് ഇതുവരെ പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയത്. പക്ഷികളുടെ ഉമിനീര്, കാഷ്ഠം തുടങ്ങിയവയില്‍ നിന്നും രോഗാണുക്കള്‍ പകരുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് പകരുന്നതിനാല്‍ മുട്ടകള്‍പോലും വില്‍ക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button