വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശ്ശീലം പലര്‍ക്കുമുണ്ട്. കുട്ടിക്കാലത്തുതുടങ്ങുന്ന ശീലം ചിലരെ വാര്‍ധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. ആശങ്കയും ഏകാന്തതയുംചിലരെ ഈ ശീലത്തിലേക്ക് എത്തിക്കുന്നു.
ഒബെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം എന്തുതന്നെയായാലും നഖംകടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖംകടി മൂലം നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുളള ചില രോഗാവസ്ഥകളെ നോക്കാം.
അണുബാധ
നഖം കടിക്കുന്നവര്‍ക്ക് അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാല്‍മോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോള്‍ ഇവ വായ്ക്കുള്ളിലെത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. കൈവിരലുകളെക്കാള് രണ്ടിരട്ടി വൃത്തികേടാണ് നഖങ്ങളില്‍. ഇവയുടെ ശുചിത്വം നിലനിര്‍ത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ പകര്‍ച്ചവ്യാധിക്കു കാരണക്കാരായവരെ കൈമാറ്റം ചെയ്യാനും ഇവയ്ക്കു സാധിക്കുന്നു.
നഖചുറ്റ്
നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയായ Paronychia നഖംകടി ശീലമുള്ളവരില്‍ കണ്ടുവരുന്നുണ്ട്. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും കടക്കുന്നു. ഇത് വിരലില്‍ നീരുവീക്കം ഉണ്ടാകാനും ചുവക്കുന്നതിനും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും നഖചുറ്റിനും കാരണമാകുന്നു.
അരിമ്പാറ
സ്ഥിരമായി നഖം കടിക്കുന്നവരില്‍ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് ഇതിന് കാരണം. നഖം കടിക്കുമ്പോള്‍ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. ∙
ദന്തപ്രശ്നങ്ങള്‍
പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളര്‍ച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം.
ചര്‍മം വരണ്ടതാക്കുന്നു
നഖം കടി ചര്‍മത്തെ വരണ്ടതാക്കുകയും തെറ്റായ രീതിയില്‍ നഖം ഇളക്കുന്നതിനു കാരണമാകുകയും ചെയ്യും. ഇത്തരം ശീലമുള്ളവര്‍ പല്ലുപയോഗിച്ചായിരിക്കും വളര്‍ന്നുവരുന്ന നഖം മുറിക്കുക. ഇതുമൂലം പലപ്പോഴും മുറിവുകള്‍ ഉണ്ടാകാനുളള സാധ്യതയുമുണ്ട്.
Post Your Comments