KeralaLatest NewsNews

വിപ്ലവ മാറ്റത്തിന് താരസംഘടന! അമ്മയുടെ വനിതാ സംഘടന ഉടന്‍

കൊച്ചി : പുരുഷന്മാരുടെ ആധിപത്യമാണ് താരസംഘടനയായ അമ്മയിലെന്ന് പരക്കെയുള്ള ആരോപണമാണ്. ഒരുപരിധി വരെ സത്യമാണ് താനും ഇത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആരോപണ വിധേയനായ നടനൊപ്പം നിന്നത് സംഘടനയുടെ അസ്ഥിത്വത്തിനു നേരെ വിരല്‍ ചൂണ്ടുന്നതായി. വനിതകളായ അഭിനേതാക്കള്‍ക്ക് അമ്മയില്‍ ഒട്ടും പ്രാധാന്യമില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പുതിയ വനിതാ സെല്ലിന് രൂപം നല്കാനൊരുങ്ങുകയാണ് സംഘടന.

അമ്മയുടെ കീഴിലുള്ള വനിതാ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം അവാസം അമ്മ ഭാരവാഹികള്‍ യോഗം ചേരുന്നുണ്ട്. അടുത്ത അമ്മ എക്സിക്യൂട്ടീവ് ജൂണില്‍ ആണെങ്കിലും വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ പുതിയ കൂട്ടായ്മ എത്രയും പെട്ടെന്ന് നിലവില്‍ വരണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണിത്. ഒരുവര്‍ഷം മുമ്പ് രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് വലിയ മാധ്യമശ്രദ്ധ നേടിയെങ്കിലും വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നുവന്നു. മാത്രമല്ല വെറും 18 അംഗങ്ങള്‍ മാത്രമാണ് ഡബ്ല്യുസിസിയില്‍ ഉള്ളത്. ഇതില്‍ നിന്ന് സ്ഥാപകാംഗം മഞ്ജു വാര്യര്‍ പിന്മാറുകയും ചെയ്തു. ഇതോടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് സംഘടന.

സ്ത്രീകള്‍ക്ക് അമ്മയില്‍ ഒരു പ്ലാറ്റ്ഫോം വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത് അടുത്തിടയ്ക്കാണ്. അതാണ് തിടുക്കത്തില്‍ പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിടാന്‍ അമ്മ ഒരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളുടെ പിന്തുണയും ഈ സംഘടനയ്ക്കുണ്ടാകും. ഡബ്ല്യുസിസിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ സംഘടനയില്‍ അവസരം നല്കും.

മുതിര്‍ന്ന താരമായ കെപിഎസി ലളിതയ്ക്കാവും കൂട്ടായ്മയുടെ ചുമതല. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നേതൃത്വം ഏറ്റെടുക്കാമെന്ന് നടി സമ്മതം മൂളിയതായിട്ടാണ് സൂചന. ദിലീപിന്റെ നിര്‍ബന്ധവും ഒരു ഘടകമായി. പുതിയ സംഘടന വരുന്നതോടെ റിമ കല്ലിംഗല്‍ അടക്കമുള്ള ഡബ്യുസിസിയുടെ നിലപാട് എന്താകുമെന്ന ആകാംക്ഷയിലാണ് സിനിമലോകം.

അതേസമയം മഞ്ജു വാര്യര്‍ പുതിയ കൂട്ടായ്മയോട് സഹകരിക്കുമെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button