കോഴിക്കോട്: വര്‍ഷത്തില്‍ ഒരുമാസംമാത്രം സന്ദര്‍ശനാനുമതി അനുവദിക്കുന്ന അഗസ്ത്യമലയിലെ ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാവില്ല. നാളെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുന്നത്. സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഉത്തരവ് വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ശാരീരികമായി കഠിനമായ യാത്രയാണെന്നും സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്നുമുള്ള സ്ഥിരംപല്ലവി വനംവകുപ്പ് അധികൃതര്‍ ആവര്‍ത്തിക്കുന്നു.കഴിഞ്ഞകൊല്ലം വനിതാസംഘടനകളുടെ വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് 51 വനിതകള്‍ അടങ്ങുന്ന സംഘത്തെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, ആചാരലംഘനം ചൂണ്ടിക്കാട്ടി ഗോത്രവിഭാഗമായ കാണിക്കാര്‍ കോടതിയില്‍ പരാതി നല്‍കിയതിനാല്‍, അഗസ്ത്യമലയ്ക്ക് ആറു കിലോമീറ്റര്‍ ഇപ്പുറത്തായി, അതിരുമലവരെ മാത്രമാണ് പ്രവേശനം നല്‍കിയത്.
ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് ഇത്തവണ അഗസ്ത്യാര്‍കൂടത്ത് ട്രെക്കിങ് ഒരുക്കിയിരിക്കുന്നത്. ദിവസം പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രം വഴിയും ടിക്കറ്റുകള്‍ ബുക്കുചെയ്യാം. പൊതുവേ, ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതീരാറുണ്ട്.
Post Your Comments