Latest NewsNewsDevotional

ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം

ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്. ‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങാണിത്. പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ. തിരുമല, മുനിമാര്‍തോട്ടം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങള്‍. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്.

ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ ‘ഗോവിന്ദന്‍മാര്‍’ എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ചക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു. ‘ഗോവിന്ദാ ഗോപാല’ എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്. വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു. ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുമ്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button