Latest NewsNewsIndia

തമിഴ് ഭാഷയോട് അമിത സ്‌നേഹം : ജപ്പാന്‍ ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി

 

മധുര : തമിഴ് ഭാഷയോടും തമിഴ് സംസ്‌കാരത്തോടും ഉണ്ടായ അമിത സ്‌നേഹത്തെ തുടര്‍ന്ന് ജപ്പാന്‍ ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മധുരയിലായിരുന്നു ജപ്പാന്‍ ദമ്പതികളുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

ജപ്പാനീസ് ദമ്പതികളായ ചിഹാരു ഒബാറ്റയും യൂടോ നിനോഗയും തമ്മിലുള്ള വിവാഹം 2017 ഏപ്രില്‍ ഒന്നിന് ലളിതമായ ചടങ്ങുകളോടെ ജപ്പാനില്‍ നടന്നിരുന്നു. എന്നാല്‍ ഇവരുടെ ആഗ്രഹം മറ്റൊരു രാജ്യത്ത് വിപുലമായ ചടങ്ങുകളോടെ വിവാഹം കഴിയ്ക്കുക എന്നതായിരുന്നു. ഇവരുടെ ഈ ആഗ്രഹമാണ് കഴിഞ്ഞ ദിവസം മധുരയില്‍ പൂവണിഞ്ഞത്. ഇതിന് വഴിയൊരുക്കിയതാകട്ടെ ജപ്പാനീസ് ദമ്പതികളുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളും.

ജപ്പാനില്‍ താമസിയ്ക്കുന്ന മധുര സ്വദേശികളായ വെങ്കിടേഷും ഭാര്യ വിനോദിനിയുമാണ് ജപ്പാന്‍ ദമ്പതികളുടെ വിവാഹത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. വരന്‍ വെള്ള നിറത്തിലുള്ള ജുബ്ബയും മുണ്ടും വധു ചുവന്ന സാരിയും ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് കതിര്‍ മണ്ഡപത്തിലെത്തിയത്.

വിവാഹത്തില്‍ സംബന്ധിയ്ക്കാന്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മധുരയില്‍ എത്തിയിരുന്നു. എല്ലാവരും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വിവാഹചടങ്ങില്‍ പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.

വിവാഹ ചടങ്ങുകള്‍ക്കു ശേഷം വധു ചിഹാരു തമിഴ് ഭാഷയില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്ക് വെച്ചു. ഞാന്‍ ചിഹാരു. സ്വദേശം ജപ്പാനാണ്. കോളേജിലായിരുന്നപ്പോള്‍ റിസര്‍ച്ചിനായി തമിഴ് ഭാഷയാണ് തെരഞ്ഞെടുത്തത്. ഇതാണ് തങ്ങളെ തമിഴിനോട് കൂടുതല്‍ അടുപ്പിക്കാന്‍ കാരണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു നിര്‍ത്തി.

വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഇരുവരും മധുര മീനാക്ഷി ക്ഷേത്രത്തിലും ദര്‍ശനം നടത്തി

 

 

 

 

 

shortlink

Post Your Comments


Back to top button