KeralaLatest NewsNews

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും: മന്ത്രി എ. സി. മൊയ്തീന്‍

തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ 2014 – 15ലെ എം. എസ്. എം. ഇ അവാര്‍ഡ് വിതരണം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ അനുകൂല സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. വ്യവസായങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും വിവിധ സര്‍വകലാശാലകളുമായി സഹകരിച്ച് വ്യവസായ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യവസായ സൗഹൃദമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നിയമം കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഈ മാസം പുതിയ കരട് വ്യവസായ നയം പ്രസിദ്ധീകരിക്കും.

ചെറുകിട സംരംഭകര്‍ക്കുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവാസികള്‍ തിരിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കാലഘട്ടത്തിലും കേരളത്തിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, കെ. എസ്. ഐ. ഡി. സി എം. ഡി ഡോ. എം. ബീന, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. എന്‍. സതീഷ്, അഡീഷണല്‍ ഡയറക്ടര്‍ എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button