Latest NewsNewsInternational

ഷെറിന്റെ കൊലപാതകം : ശരീരത്തില്‍ ഒടിവുകളും ചതവുകളും : വളര്‍ത്തച്ഛനും വളര്‍ത്തമ്മയും കുട്ടിയോട് ചെയ്ത ക്രൂരതകള്‍ പുറത്ത്

ഹൂസ്റ്റന്‍ : യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധര്‍ പുറത്തുവിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‌ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

സംഭവത്തില്‍ വെസ്‌ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഷെറിന്‍ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്ററന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയില്‍ ചുമത്തിയത്. ഫോണ്‍ റെക്കോര്‍ഡുകളും റസ്റ്ററന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.

കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button