KeralaLatest News

ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംസ്ഥാന ടി.ബി. സെല്ലിന്റെ നേതൃത്വത്തില്‍ ഇതിനായി നിരവധി കര്‍മ്മപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ 2025-ഓടെ ഈ ലക്ഷ്യത്തിലെത്താനിരിക്കുമ്പോള്‍ കേരളം 2020-ഓടെ ഇത് കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ വിവര ശേഖരണത്തിനായുള്ള ഭവന സന്ദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഔദ്യോഗിക വസതിയിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി. രാജു, ഡബ്ലിയു.എച്ച്.ഒ. കണ്‍സള്‍ട്ടന്റ് ഡോ. ഷിബു, സംസ്ഥാന ടി.ബി. ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സിന്ധു, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി നോഡല്‍ ഓഫീസര്‍ കെ.പി. സുനില്‍കുമാര്‍, ആശാപ്രവര്‍ത്തകരായ ഹേമലത, ലീല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി പരിശീലനം സിദ്ധിച്ച 78,000 സന്നദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ 78 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്ഷയരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ ഞായറാഴ്ചകളിലും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവര ശേഖരം നടത്തുന്നു.

ക്ഷയരോഗ ബാധിതതരരുടെ മരണ കാരണങ്ങളില്‍ പ്രധാനം പ്രമേഹം, രക്താദിസമ്മര്‍ദം, ഹൃദ്രോഗം എന്നിവ കൂടിയായതിനാല്‍ അത്തരം ആളുകളുടെ വിവരശേഖരണവും ഇതിലൂടെ നടത്തും. കേരളത്തിലെ ക്ഷയരോഗബാധിതരുടെ എണ്ണം കുറച്ച് 2020 ആകുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2020 ല്‍ താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടര്‍ന്ന് സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാജനമാണ് ലക്ഷ്യമിടുന്നത്.

ഭവന സന്ദര്‍ശനത്തിലൂടെ എല്ലാ ക്ഷയരോഗബാധിതര്‍ക്കും കൃത്യമായ ചികില്‍സ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നു. കൂടാതെ ക്ഷയരോഗത്തിനുളള സാദ്ധ്യതകള്‍ കണ്ടെത്തുകയും ക്ഷയരോഗത്തിനുളള വിദൂരസാദ്ധ്യതയുളളവരെ പോലും കണ്ടെത്തി സൗജന്യ പരിശോധനയും ചികില്‍സയും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കേരളത്തെ ക്ഷയരോഗമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ വിവരശേഖരണത്തിനായി വീട്ടിലെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button