തിരുവനന്തപുരം: വൈദ്യുതിവാഹനങ്ങൾ നിരത്തുകളിൽ ഇറക്കാനൊരുങ്ങി കേരളം.ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ ഉപദേഷ്ടാവ് ഡോ. അശോക് ജുന്‍ജുന്‍വാലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായ ഇദ്ദേഹമാണ് കേരളത്തിലെ കര്‍മസമിതിയുടെ അധ്യക്ഷന്‍. ഐ .ടി. സെക്രട്ടറി എം. ശിവശങ്കറാണ് സമിതിയുടെ കണ്‍വീനര്‍.
കേരളത്തില്‍ ഇ-ഓട്ടോ നിര്‍മാണത്തിനും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനികളെ ക്ഷണിക്കാനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കാന്‍ യോഗം വിദഗ്ധരെ ചുമതലപ്പെടുത്തി. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്താനാവുന്നവിധം ടെന്‍ഡര്‍ നടപടികള്‍ക്ക് രൂപംനല്‍കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാം യോഗത്തില്‍ നിര്‍ദേശിച്ചു.
Post Your Comments