കണ്ണൂര്‍•പയ്യോളി മനോജ് വധക്കേസില്‍ ബി.ജെ.പിയുമായി ഒത്തുകളിച്ച് സി.പി.എം തങ്ങളെ വച്ചിക്കുകയായിരുന്നുവെന്ന ആരോപണവുമായി പ്രതികള്‍ രംഗത്ത്. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സി.ബി.ഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും മനോരമ ന്യൂസ് പുറത്തുവിട്ട പ്രതിയുടെ ശബ്ദരേഖയില്‍ പറയുന്നു.
പേര് വെളിപ്പെടുത്താത്ത പ്രതിയുടെ സന്ദേശം ഇങ്ങനെ,
ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബി.ജെ.പി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്വാക്കുകളായി.
സിബിഐ അന്വേഷണത്തിനെതിരെ സി.പി.എം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായി. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും പ്രതി പറയുന്നു.
Post Your Comments