തിരുവനന്തപുരം : മെഡിക്കല്‍ റീഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ കെ ശൈലജ. മന്ത്രിമാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് അപേക്ഷിച്ചത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ‘ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാസഹായം ഈടാക്കാം. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും ഇങ്ങനെ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെപേരില്‍ ചികിത്സപ്പണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.
പണം തിരികെ ലഭിക്കാന്‍ ഹാജരാക്കിയ ബില്ലുകളില്‍ ആഹാരസാധനങ്ങളും ഉള്‍പ്പെടുത്തിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്‍ ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. ഇത്തരത്തിലുള്ള ബില്ലാണ് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. ഈ തുക ആവശ്യപ്പെടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ല. റീഇംബേഴ്സ്മെന്റില്‍ ഇത് ഒഴിവാക്കിയിരുന്നു. വ്യാജ ബില്‍ ഹാജരാക്കിയിട്ടുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയവര്‍ തെളിയിക്കണം.
അമ്മ ഡിസ്ചാര്‍ജാകും മുമ്പ് ബില്‍ സമര്‍പ്പിച്ചെന്ന പ്രചാരണവും തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ ഓരോ ഘട്ടത്തിലും റീഇംബേഴ്സ്മെന്റ് നടത്തുകയാണ് ചെയ്തത്. കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്നും അവർ പറഞ്ഞു.
Post Your Comments