ഭൂകമ്പത്തെ പറ്റിയുള്ള വിവരങ്ങള്‍ ഭൂകമ്പ തരംഗങ്ങളേക്കാള്‍ വേഗത്തിലറിയാന്‍, പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂഗുരുത്വ സ്പന്ദനങ്ങള്‍ (ഗ്രാവിറ്റി സിഗ്നലുകള്‍) സഹായിക്കുമെന്ന് പുതിയ പഠനം. ഭൂകമ്പ തീവ്രത സംബന്ധിച്ച് വേഗത്തില്‍ വ്യക്തത വരുത്താന്‍ ഇത് തുണയാകും.
ഭൂകമ്പവേളയില്‍ ഭൂഫലകങ്ങള്ക്കുണ്ടാകുന്ന ചലനം ഭൂമിയുടെ ഗുരുത്വമണ്ഡലത്തില്‍ നേരിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇതാണ് ഗ്രാവിറ്റി സിഗ്നലുകളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നത്.
നിലവില്‍ ഭൂകമ്പ തരംഗങ്ങളെ ( seismic waves ) ആണ്, ഭൂകമ്പത്തിന്റെ തീവ്രതയറിയാന്‍ ഭൗമശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്നത്. സെക്കന്റില്‍ മൂന്നു മുതല്‍ പത്ത് വരെ കിലോമീറ്റര്‍ എന്നതാണ് ഭൂകമ്പ തരംഗങ്ങളുടെ വേഗത. എന്നാല്‍ പ്രകാശത്തിന്റേത് സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ ഭൂകമ്പ തരംഗങ്ങളേക്കാള്‍ രണ്ടോ മൂന്നോ മിനുറ്റ് മുമ്പ് ഗ്രാവിറ്റി സിഗ്നലുകള്‍ക്ക് ഭൂകമ്പ മാപ്പിനിയില്‍ എത്താനാവും.
‘പാരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എര്‍ത്ത് ഫിസിക്സി’ലെ ‘ജിയോസ്കോപ്പ് ( GEOSCOPE ) ഒബ്സര്‍വേറ്ററി’ ഡയറക്ടറായ മാര്ട്ടിന് വല്ലീയും കൂട്ടരും അടുത്തയിടെ ‘സയന്‍സ്’ ജേര്‍ണലില്‍ (358, 1164-1168, dio: 10.1126/Science.aao0746.2017) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഭൂകമ്പ നിരീക്ഷണാലയങ്ങളുട (സീസ്മിക് സ്റ്റേഷനുകളുടെ) ഒരു ഗ്ലോബല്‍ നെറ്റ്വര്‍ക്കാണ് ജിയോസ്കോപ്പ് ഒബ്സര്‍വേറ്ററി. 24 മണിക്കൂറും ഭൂഫലകങ്ങളുടെ ചലനം നിരീക്ഷിക്കുകയാണ് ഒബ്സര്‍വേറ്ററിയുടെ ദൗത്യം.
ഇങ്ങനെ ലോകത്തിന്റെ പല ഭാഗത്തായി സദാസമയവും ഭൂചനങ്ങളുടെ കണക്കുകളിലേക്ക് കണ്ണും നട്ടിരിക്കുന്ന കുറേ ഭൗമശാസ്ത്രജ്ഞരുണ്ട്. അവര്‍ക്ക് ഈ പുതിയ അറിവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നാശനഷ്ടങ്ങള്‍ കുറക്കാനും ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനും ഇതുവഴിയാകുമെന്നാണ് പ്രതീക്ഷ.
2011 ലെ തൊഹുക്കു ഭൂകമ്പമാണ് ഗവേഷകര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. ഭൂകമ്പ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്ന പല കേന്ദ്രങ്ങളില്‍ നിന്നായി വിവരശേഖരണം നടത്തി. അതില്‍ ഉള്‍ചേര്‍ന്നു കിടന്ന ഗ്രാവിറ്റി സ്പന്ദനങ്ങളെ വേര്‍തിരിച്ചെടുത്തു. ഭൂകമ്പ തരംഗങ്ങള്‍ക്ക് ഒരു മിനുറ്റ് മുന്നേ ഗ്രാവിറ്റി സ്പന്ദനങ്ങള്‍ സീസ്മിക് റെക്കോര്‍ഡിംഗ് ഉപകരണത്തില്‍ രേഖപ്പെടുത്തിയെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ക്ക് ഗ്രാവിറ്റി സിഗ്നലുകള്‍ക്കായി തയ്യാറായി ഇരിക്കാനും ഇത് അവസരമൊരുക്കും.
ഭൂഫലക ചലനം സസൂക്ഷം നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ (യു.എസ്.ജി.എസ്), ഭൂകമ്പ തരംഗങ്ങള്‍ കിട്ടിയാല്‍ 20 മിനുറ്റു കൊണ്ട് ഭൂകമ്പത്തിന്റെ സ്ഥലവും തീവ്രതയും ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും. എന്നാല്‍ തൊഹുക്കു ഭൂകമ്പത്തിന്റെ ആദ്യം കിട്ടിയ 7.9 എന്ന തീവ്രതയില്‍ നിന്ന് ഏതാണ്ട് കൃത്യമായ 8.8 എന്ന തീവ്രതയിലേക്കെത്താന് യു.എസ്.ജി.എസിന് 40 മിനുറ്റ് വേണ്ടിവന്നു. ജപ്പാന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി ഇക്കാര്യത്തിന് മൂന്നു മണിക്കൂറെടുത്തു.
ഭൂകമ്പത്തിന്റെ തീവ്രതയിലെ നേരിയ മാറ്റംപോലും ഭൂകമ്പം വഴി പുറത്തുവരുന്ന ഊര്‍ജ്ജത്തില്‍ വളരെ വലിയ മാറ്റമുണ്ടാക്കും. അതുകൊണ്ടു തന്നെ തീവ്രതയുടെ കൃത്യത ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെയാണ് ഗ്രാവിറ്റി സിഗ്നലിന്റെ സാധ്യത കടന്നുവരുന്നത്.
ഭൗമശാസ്ത്രജ്ഞരെ പോലെ ഭൗതിക ശാസ്ത്രജ്ഞര്‍ക്കും ഈ പഠനത്തില്‍ താല്പര്യമുണ്ട്. ഗുരുത്വ തരംഗങ്ങളെ കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രജ്ഞര്‍, കുറഞ്ഞ ആവര്‍ത്തിയുള്ള ( ലോ ഫ്രീക്വന്‍സി ) ഗുരുത്വ തരംഗങ്ങളെ കുറിച്ചും പഠിക്കാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ട ഉപകരണങ്ങളില്‍ ചിലത് മാര്ട്ടിന് വല്ലീയുടെ സംഘം തങ്ങളുടെ മോഡലിനുവേണ്ടി നിര്‍ദേശിച്ചിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് സാമാന്യ ആപേക്ഷികത സിദ്ധാന്തത്തിന്റെ ഭാഗമായി ആല്‍ബര്‍ട്ട് ഐന്സ്റ്റന് പ്രവചിച്ച ഗുരുത്വ തരംങ്ങള്‍ ( gravitational waves ), ആദ്യമായി രേഖപ്പെടുത്തിയത് 2015 സെപ്റ്റംബര്‍ 14നാണ്. അമേരിക്കയിലെ ‘ലൈഗോ’ ( LIGO ) പരീക്ഷണത്തില്‍ ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയതിനാണ് 2017 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം നല്കപ്പെട്ടത്.
ഗുരുത്വ തരംഗങ്ങളുമായി ബന്ധപ്പെട്ട ഒരു ഭാവി സാധ്യതയാണ്, ഭൂകമ്പ തീവ്രത നേരത്തെയറിയാന്‍ ഗ്രാവിറ്റി സ്പന്ദനങ്ങളെ ആശ്രയിക്കുക എന്നത്. ഗ്രാവിറ്റി സ്പന്ദനങ്ങള്‍ ഭൂകമ്പ തരംഗങ്ങളെ അപേക്ഷിച്ച് വളരെ നേര്‍ത്തതാണ്. അതിനാല്‍ അവ രേഖപ്പെടുത്തുക ശ്രമകരമാണ്. അതിനുവേണ്ട പഠനം ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്, പുതിയ ഉപകരണങ്ങള്‍ നിര്‍മിക്കപ്പെടേണ്ടതുണ്ട്.
‘വലിയ ഭൂകമ്പങ്ങളുടെ തീവ്രത കൃത്യമായി ലഭ്യമാക്കുന്നതിനാവശ്യമായ സമയം ഗുരുത്വ സ്പന്ദനങ്ങള്‍ വഴി കുറക്കാനായാല്‍ അത് വലിയൊരു സംഭാവനയാകും’ – യു.എസ്.ജി.എസിലെ ഭൂകമ്പ ശാസ്ത്രജ്ഞ സൂസന് ഹൗ പറയുന്നു .
Post Your Comments