തിരുവനന്തപുരം : പുതുവത്സരാഘോഷം അടിച്ചുപൊളിക്കാം. പക്ഷേ നിയന്ത്രണം വിട്ടാല്‍ പിടിവീഴും. പുതുവത്സരം സുരക്ഷിതമായിരിക്കാന്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തി. 31, ജനുവരി ഒന്ന് തീയതികളില്‍ മുഴുവന്‍ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമെന്നാണ് സൂചന. വാഹനാപകടം ഒഴിവാക്കാന്‍ രണ്ടു ദിവസങ്ങളിലും രാത്രികാല പരിശോധന പുലര്‍ച്ചെ വരെയുണ്ടാകും.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ എല്ലാ പ്രധാന റോഡുകളിലും പരിശോധന നടത്തും. മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അവരുടെ പുതുവത്സരം പോലീസ് സ്റ്റേഷനിലായിരിക്കും. മദ്യപിച്ചവര്‍ വാഹനം ഓടിച്ചതായി കണ്ടാല്‍ തുടര്‍ന്ന് ഡ്രൈവിംഗ് അനുവദിക്കില്ല. ഉത്തരവാദിത്വപ്പെട്ടവര്‍ എത്താതെ വാഹനം കൊടുത്തയയ്ക്കുകയുമില്ല. ഇതിനൊപ്പം പിഴയുമുണ്ടാകും. ഹൈവേ പോലീസ് രാവും പകലും റോഡില്‍ പട്രോളിംഗ് നടത്തും.
ബാറുകള്‍ക്കും കടിഞ്ഞാണിടാന്‍ നീക്കമുണ്ട്. രാത്രി നിശ്ചിത സമയത്തിനുശേഷവും ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. ബാറുകള്‍ക്ക് പുറത്ത് പ്രത്യേക കൗണ്ടറുകളുണ്ടെങ്കില്‍ പിടിവീഴും. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ പുറത്തുനിന്നു മദ്യം കൊണ്ടുവരാനോ വില്‍ക്കാനോ പാടില്ല.
കഞ്ചാവ്, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തും. ലൈസന്‍സ് ഇല്ലാതെ പടക്കം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാവും. ഗുണ്ട് തുടങ്ങി എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍പ്പെടുന്ന സ്‌ഫോടകസാധനങ്ങള്‍ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ പാടില്ല. പടക്കം പൊട്ടിക്കുന്നവര്‍ അപകടം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശമുണ്ട്.
പുതുവത്സരാഘോഷങ്ങള്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും എത്തുന്നവര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പോലീസ് പ്രത്യേക നിര്‍ദേശം നല്കി. പ്രവേശനം നല്കുന്നവരുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്നും കായല്‍ സവാരിക്ക് വേണ്ടതായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. പടക്കങ്ങള്‍, ഉച്ചഭാഷണികള്‍, പാര്‍ട്ടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് പ്രത്യേകം അനുമതി വാങ്ങണം.
Post Your Comments