കണ്ണൂര്‍: ബിഎംഎസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജി വധക്കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുൻപ് കേസിൽ പ്രതിയാക്കപ്പെട്ട സിപിഎം പ്രവർത്തകൻ.കേസില്‍ ആദ്യം മൂന്നാം പ്രതിയാക്കപ്പെട്ട വ്യക്തിയാണ് സിപിഐഎം പയ്യോളി മുന്‍ലോക്കല്‍ കമ്മറ്റി അംഗമായ വടക്കേല്‍ ബിജു. സിബിഐ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേസ് ആദ്യം അന്വേഷിച്ച പൊലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താന്‍ ശ്രമിച്ചെന്നും ബിജു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻപ് സിബിഐയുടെ അറസ്റ്റ് ഗൂഢാലോചനയാണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി മോഹനനും അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിജു രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ മനഃപൂർവ്വം പ്രതിയാക്കിയതാണെന്നും പാര്‍ട്ടിയോടുള്ള കുറുകൊണ്ടാണ് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളെ രക്ഷിക്കാന്‍ പാര്‍ട്ടി പിന്നീട് ഒന്നും ചെയ്തില്ല, പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് താനടക്കമുള്ളവരെ ബലിയാടാക്കിയത്. വി എസ് പക്ഷക്കാരാണെന്നു ബോധപൂർവ്വം പ്രചരിപ്പിച്ചതായും ബിജു പറഞ്ഞു. 2012 ഫെബ്രുവരി പന്ത്രണ്ടിനാണ് മനോജ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മനോജ് മരണപ്പെട്ടു.
Post Your Comments