കൊച്ചി: സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കിയ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 36 പേർക്ക് ഭൂമി വിൽപ്പന നടത്തിയതിന്‍റെ രേഖകൾ പുറത്തായി. സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടിൽ കർദിനാളിനെതിരെ കൂടുതൽ വൈദികർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. എറണാകുളം നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമിയാണ് നിസ്സാര വിലയ്ക്ക് വിൽപ്പന നടത്തിയത്. 36 പേർക്ക് സാജു വർഗീസ് കുന്നേൽ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം.
2016 സെപ്റ്റംബർ 1നും അഞ്ചിനുമായി പത്ത് പേർക്ക് ആദ്യം ഭൂമി വിൽപ്പന നടത്തിയതിന്റെ രേഖയാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്നത്.2017 ജനുവരി മുതൽ ഓഗസ്റ്റ് 16വരെ മറ്റ് 25 പേർക്ക് കൂടി ഭൂമി എഴുതി നൽകി. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഓപ്പിട്ടിരിക്കുന്നത് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്. ഈ രേഖകൾ പുറത്ത് വന്നതിന് പിറകെയാണ് ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് സഭയിലെ വൈദികർ തന്നെ രംഗത്ത് വരുന്നത്. 28 കോടിരൂപയുടേതെങ്കിലും നഷ്ടം സഭയ്ക്ക് ഇതുമൂലമുണ്ടായിയെന്നാണ് വൈദീകരുടെ പക്ഷം.
എന്നാൽ അതിലും കൂടുതൽ തുകയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. വൈദിക സമിതി പോലും അറിയാതെയാണ് സാജു വർഗീസ് കുന്നേൽ എന്നയാളെ ഇടനിലക്കാരനാക്കിയത് എന്നും ആരോപണമുണ്ട്. ഇടപാടിലെ സുതാര്യത പ്രശനമായതോടെ ഫിനാൻസ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ ഇതിനകം രാജിവെച്ചിട്ടുണ്ട്. എന്നാൽ കർദിനാളിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തരുതെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് മെൽവിൻ മാത്യു ആവശ്യപ്പെട്ടു.
Post Your Comments