രാമനാഥൻ ഡോക്ടർ ന്റെ മാനസികരോഗ ആശുപത്രിയിൽ ജോലി നോക്കുന്ന സമയം.. ഡോക്ടർ തമിഴ് കലർന്ന മലയാളം ആണ് സംസാരിക്കുക..
രോഗികൾ വരുമ്പോൾ , ചോദിക്കു , കാര്യങ്ങൾ മനസ്സിലാക്കു , എന്റെ മലയാളം പോരാ.. ചിരിച്ചു കൊണ്ട് പറയും..
എനിക്കറിയാം… എന്നെ കേസ് പഠിപ്പിക്കുക ആണ്.. സർ ന്റെ മലയാളം ഏതു രോഗിയും മനസ്സിലാക്കും.. കാരണം , ഹൃദയത്തിന്റെ ഭാഷ ആണ് അദ്ദേഹത്തിന്..
രോഗികളോട് കരുണ ഉള്ള , ജൂനിയർ നെ വളർത്തണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ…
എഞ്ചിനീയറിംഗ് കഴിഞ്ഞ പയ്യൻ. എന്റെ ആദ്യത്തെ കേസ്,,. ആദ്യമൊന്നും അവനൊന്നും മിണ്ടാൻ കൂട്ടാക്കിയില്ല… അത് മാത്രമല്ല.. സംസാരിക്കുമ്പോൾ വിക്കും ഉണ്ട്.. രണ്ടാം ദിവസം , കുറച്ചേ അടുത്ത് തുടങ്ങി,, അടുത്ത വീട്ടിലെ ഒരു സ്ത്രീയുമായി അവനുണ്ടായ അടുപ്പം.. മാനസികവും ശാരീരികവും ആയി ഒരുപാട് സ്നേഹം പങ്കുവെച്ചു.. സ്വന്തം വീട്ടിൽ അവനു വേണ്ടത്ര സ്നേഹം കിട്ടാതെയോ ഒന്നുമല്ല.. അതവന്റെ പ്രായത്തിന്റെ പ്രശ്നം.. വീട്ടുകാർ അറിഞ്ഞു ..
പ്രശ്‌നമായി… അടിയായി.. ആ സ്ത്രീ അവിടെ നിന്നും മാറി …. ദിവസങ്ങൾ കഴിയും തോറും അവൻ കൂടുതൽ വിഷാദത്തിൽ അടിമപ്പെടാൻ തുടങ്ങി..
ആരോടും മിണ്ടാതെ മുറിയിൽ ഒറ്റയ്ക്ക് അടച്ചിരിക്കും..
ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു തുടങ്ങിയപ്പോൾ വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിക്കുക ആയിരുന്നു… മനസ്സിൽ തോന്നുന്നതൊക്കെ എഴുതി തരു..,
എന്ന് പറഞ്ഞപ്പോൾ അവൻ കുറിച്ചു തന്നതിൽ നിന്നും ഞാൻ ചികഞ്ഞെടുത്ത കഥ… എങ്ങനെയും ഡോക്ടർ ന്റെ മുന്നിൽ എന്റെ കഴിവ് തെളിയിക്കണം ..
എന്റെ മനസ്സിൽ അതാണ് ആദ്യത്തെ ചിന്ത… വികാരശൂന്യമായ അക്ഷരങ്ങളിലൂടെ അവൻ പറഞ്ഞതൊക്കെ ഔദ്യോഗിക ജീവിതത്തിലെ വൻ വിജയമായി എനിക്ക് തോന്നി.. സന്തോഷത്തോടെ ഓടി ചെന്ന് ഡോക്ടർ നോട് വിവരം പറഞ്ഞു.. അതാണ്…കലയ്ക്കു നല്ല കഴിവുണ്ട്..rapport establishment നടത്താൻ…! ഡോക്ടർ തന്ന അഭിനന്ദനം എന്നെ അങ്ങ് വാനോളം ഉയർത്തി..
ചികിത്സ ആരംഭിച്ചു.. ഞാൻ പഠിച്ച മനഃശാസ്ത്ര പഠനങ്ങളിൽ പരാമര്ശിട്ടില്ലാത്ത പ്രതിഭാസങ്ങൾ പലതും ആദ്യമായി നേരിൽ കാണുന്നു..
കേൾക്കുന്നു.. പ്രണയം കടലോളവും വാനോളവും വ്യാപിച്ചു മനസ്സിന്റെ അറകളിൽ നിറഞ്ഞു തുളുമ്പി നിന്നിരുന്ന കാലങ്ങളെ കുറിച്ചവൻ സംസാരിച്ചു തുടങ്ങി..
പലപ്പോഴും സങ്കടം പെരുകി കരഞ്ഞു.. മനസ്സിലെ ഇപ്പോഴത്തെ കൊടുംഭീതികളെ കുറിച്ചു സംസാരിച്ചു… ആദിയും അന്തവുമില്ലാത്ത ചിന്തകളെ ഒഴിവാക്കണം എന്നവൻ ആഗ്രഹിച്ചു തുടങ്ങി… അറിയുന്നുണ്ടായിരുന്നില്ല ..
അവനിലെ ഏതൊക്കെയോ ശൂന്യതകളെ നിറയ്ക്കുകയും സജീവമാക്കുകയും ചെയ്യുക ആണ് ഞാൻ എന്ന്..!! ഞങ്ങളെ രണ്ടാളെയും ഒരേ പോലെ ഡോക്ടർ ശ്രദ്ധിക്കുന്നുണ്ട്.. counter transference , transference എന്നൊക്കെ കേട്ടിട്ടുണ്ട്.. പഠിച്ചു എഴുതി മാർക്ക് വാങ്ങിച്ചിട്ടുണ്ട്..
ശിഥിലമായ ഭൂതകാലം ഉൾക്കൊണ്ട് തന്നെ അവൻ വർത്തമാനത്തിലേയ്ക്ക് നടന്നു വരുന്നത് സന്തോഷത്തോടെ ഞാൻ കണ്ടു . ഒരു ദിവസം എനിക്ക് ലീവ് എടുക്കേണ്ടി വന്നു.. പിറ്റേന്ന് ചെല്ലുമ്പോൾ ഡോക്ടർ ഞാൻ ചെല്ലാതിരുന്ന ദിവസം , അവനിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചു പറഞ്ഞു.. എനിക്ക് തരാൻ അവൻ സിസ്റ്റർ നോട് കൊടുത്ത ഒരു എഴുത്തും.. വായിച്ചു വിളറി ഇരുന്ന എന്നെ ഡോക്ടർ സമാധാനിപ്പിച്ചു…
അവനെ motivate ചെയ്യാൻ ഞാൻ പറഞ്ഞത് ഒക്കെ എത്ര ഗഹനമായി ഉൾക്കൊണ്ടിരിക്കുന്നു… എന്റെ ശരീരം നശിച്ചതിനു ശേഷവും എന്നെ സ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ…! ഒറ്റയടിപ്പാതയിലെ വരികളാണ് ഉപമിക്കാൻ എളുപ്പം.. അവനു പ്രണയം ഒരു ലഹരി ആണ്.. അതിനു വേണ്ടി അവൻ യാചിക്കുകയാണ്…
ഒന്നും അറിയാത്ത പോലെ അന്നും അവനെ ഞാൻ പോയി കാണണം എന്ന് ഡോക്ടർ പറഞ്ഞു.. പിന്നെ അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു ഞാൻ മുന്നോട്ടുള്ള കൗൺസിലിങ് സമയങ്ങൾ മുന്നോട്ടു നീങ്ങി.. പയ്യെ പയ്യെ അവനിൽ നിന്നും പ്രണയം അപ്രത്യക്ഷമായി..
ജീവിതത്തിലെ ആവശ്യകതയെ കുറിച്ചും മനസ്സിലെ ചാഞ്ചാട്ടങ്ങളെ കുറിച്ചും ഒക്കെ ഡോക്ടർ അവനു നന്നായി പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ കൂടെ ഇരുന്നു.. അവൻ ശ്രദ്ധിച്ചു അദ്ദേഹത്തെ കേൾക്കുന്നു.. തമിഴ് കലർന്ന മലയാളം അവനു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.. അവനത് കേൾക്കുന്നത് മനസ്സ് കൊണ്ടാണ്. ആദ്യത്തെ അനുഭവം ആയിരുന്നു, ഇങ്ങനെ ഒരു കേസ്..
ആദ്യമായി എല്ലാവരും മനുഷ്യർ ആണല്ലോ.. പിന്നെയാണ് ഡോക്ടറും കളക്ടറും ഒക്കെ ആകുന്നത്. പച്ചയായ വികാരങ്ങളിൽ സന്മാർഗ്ഗികവും ധാർമ്മികതയും എവിടെ..?
ചിട്ടവട്ടങ്ങളിൽ അധിഷ്‌ഠിതമല്ലല്ലോ മനസ്സിന്റെ കളികൾ. ബലഹീനതകളെ മറയ്ക്കുളിൽ തളച്ചിടലും എപ്പോഴെങ്കിലും അവ പുറത്ത് ചാടും.. ഓരോ കേസുകൾ പിന്നെ എടുക്കുമ്പോഴും ആദ്യത്തെ അനുഭവം ഓർക്കും.. എന്നിരുന്നാലും ചിലയിടത്ത് പാളിപോയിട്ടുണ്ട്.. അപ്പോഴൊക്കെ ദൈവത്തിന്റെ അദൃശ്യകരം താങ്ങി എടുത്തിട്ടുണ്ട്..
മനുഷ്യന്റെ മനസ്സ് കൈകാര്യം ചെയ്യുമ്പോൾ.. ഓരോ നിമിഷവും ശ്രദ്ധിക്കണം…,”’ രാമനാഥൻ ഡോക്ടർ തന്ന വിലപ്പെട്ട ഉപദേശം…. ഇന്നിപ്പോൾ ചുറ്റിലും അത്തരം എത്ര അനുഭവങ്ങൾ.. ചില മനുഷ്യർ , അവരെന്താണ് ചെയ്യുക..? പ്രശ്നങ്ങളിൽ പെട്ട് നട്ടം ചുറ്റുന്നവരുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലും.. കുറച്ചു നാൾ വര്ണാഭയമായ ലോകത്ത് വിഹരിക്കും.. പെട്ടന്നൊരു നാൾ , ജിജ്ഞാസ വറ്റുമ്പോൾ യാത്ര പോലും പറയാതെ പിന്മാറുകയും.. പ്രായഭേദമന്യെ എത്ര കഥകൾ …. ഒട്ടും ഉറയ്ക്കാതെ ഒലിച്ചു പോയ പ്രണയത്തെ ഓർത്തു ചങ്കു പൊട്ടിക്കരയുന്നവർ വിഡ്ഢികളാണോ..? അല്ല…
അവരുടെ ആത്മാർഥത കാമിക്കുമ്പോൾ മാത്രം ജ്വലിക്കുന്ന ഒന്നായിരുന്നില്ല എന്ന് അഹങ്കരിക്കുക ആണ് വേണ്ടത്.. .പിന്നാലെ ചെല്ലരുത്.. അവജ്ഞയുടെയും അവഹേളനത്തിന്റെയും ശബ്ദമാകും ഉയരുക.. പരസ്പരം മനസ്സിലാക്കാനും അലിഞ്ഞു ചേരാനും ഒരേ പോലെ പറ്റാത്തവർ പിരിയുന്നതാണ് നല്ലത്.. സ്നേഹിച്ചതിന്റെ അടയാളമായ ഹൃദയത്തിന്റെ മുറിവുകൾ , നാളെ ശക്തി പകരുക തന്നെ ചെയ്യും..! ജീവിതം , അതിന്റെ ചേരുവ അതിശയമാണ്.. ആരുമില്ല കൂടെ എങ്കിലും അനുസൃതമായി ഒഴുകികൊണ്ടേ ഇരിക്കും..
Post Your Comments