Latest NewsKeralaNews

പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമരൂപം

പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന ‘ആരോഗ്യ ജാഗ്രത’യ്ക്ക് അന്തിമ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം നല്‍കിയത്.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി ആരോഗ്യ വകുപ്പ് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി കാലാകാലങ്ങളില്‍ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വിവിധങ്ങളായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികളെ പൂര്‍ണമായി തടയുന്നതിന് സാധിച്ചിട്ടില്ല. ഇതെല്ലാം പലപ്പോഴും വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ കാലോചിതമായ മാറ്റങ്ങളിലൂടെ ഫലപ്രദമായ ഒരു പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആരോഗ്യ ജാഗ്രത എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ദൗത്യത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവ ഒത്തൊരുമിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ക്യാമ്പൈന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ജില്ലയിലും മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിന്റെയടിസ്ഥാനത്തില്‍ കളക്ടര്‍മാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യും.

പദ്ധതിയുടെ ഭാഗമായി വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികള്‍ ശക്തമാക്കുകയും ആരോഗ്യസേന രൂപീകരിക്കുകയും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്യും. മുഴുവന്‍ ജനപ്രതിനിധികളേയും പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പ്രചരണത്തിനായി ലഘുലേഖകള്‍, വാട്‌സ് ആപ്പ് ഗ്രൂപ്പ്, ടോള്‍ ഫ്രീ നമ്പര്‍, മറ്റ് ഇതര സംവിധാനങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തും. ഇതിനുവേണ്ടി എല്ലാ വാര്‍ഡുകളിലും ആരോഗ്യസേന സജ്ജമാക്കുകയും ഇതിലൂടെ വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി ശക്തമാക്കുകയും ചെയ്യും.

എം.എല്‍.എ.മാര്‍ അതത് നിയോജക മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത് പദ്ധതിയാവിഷ്‌ക്കരിക്കും.  സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതരവകുപ്പുകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യ സേന, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് കേരളത്തിലെ വീടുകള്‍ തോറും ബോധവത്ക്കരണം നല്‍കി ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു.

ഇതേത്തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ ഊര്‍ജിത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. അയല്‍ക്കൂട്ടങ്ങള്‍, അംഗനവാടികള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശില്‍പശാലകള്‍, അവലോകന യോഗങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണങ്ങള്‍, ഹെല്‍ത്തി ക്യാമ്പയിന്‍, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് (ഹൈ റിസ്‌ക് ഏരിയ) ഊര്‍ജിത ഇടപെടല്‍ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് ആരോഗ്യ ജാഗ്രതയിലുള്ളതെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

അടിയന്തിര സന്ദര്‍ഭങ്ങള്‍ സംജാതമായാല്‍ സമയബന്ധിതമായി ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ചികിത്സ നല്‍കുന്നതിനും രോഗം പകരുന്നത് തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. രോഗം വരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം രോഗം വന്നു കഴിഞ്ഞാല്‍ വസ്തുനിഷ്ഠമായി നിരീക്ഷിക്കുന്നതിനും പിഴവുകളില്ലാത്ത ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ കര്‍മ്മപരിപാടികള്‍ വിവിധ തലങ്ങളില്‍ ഉറപ്പിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സബ് സെന്ററുകളിലും ഇന്ന് ലഭ്യമായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ഇതിനായി സജ്ജമാക്കും.

രോഗങ്ങളുടെ നിയന്ത്രണത്തിനും പരിപാലനത്തിനും ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ചികിത്സാ പ്രോട്ടോക്കോളുകള്‍ ലഭ്യമാക്കുക, ഓണ്‍ലൈനായി തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക, ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ പാനലുകള്‍ തയ്യാറാക്കി മറ്റ് ഡോക്ടര്‍മാക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാവുന്ന രീതിയില്‍ സജ്ജരാക്കുക എന്നിവയും ആരോഗ്യ ജാഗ്രത ലക്ഷ്യമിടുന്നു. ഇങ്ങനെ ഓരോ മാസവും ഒരു പ്രത്യേക ആശയത്തിലൂന്നി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സ്ഥായിയായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മിത്ര ടി., സര്‍ക്കാര്‍ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത് സി.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. എല്‍. സരിത എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button