KeralaLatest NewsNews

വത്തിക്കാനിലെ ഇന്ത്യന്‍ എംബസിയുടെ ചുമതല പാലായുടെ മകന്റെയും മരുമകളുടേയും കൈകളില്‍

പാലാ: സ്വിറ്റ്‌സര്‍ലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല ഇനി വഹിക്കുന്നത് പാലായുടെ മകനും മരുമകളും. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു. സിബിയുടെ കീഴില്‍ രണ്ടാം സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നത് പാലായുടെ മരുമകളായ റോഷിണി തോംസനാണ്.

മത്സ്യഫെഡില്‍ ഉദ്യോഗ സ്ഥനായ നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ തോംസണ്‍ ഡേവിസിന്റെ മകളായ റോഷിണിയെ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി. കവീക്കുന്ന് മുണ്ടന്താനത്ത് എം.എം.ജോസഫിന്റെ മകന്‍ കംപ്യൂട്ടര്‍ ഗെയിം ഡിസൈനറായ അഭിലാഷ് ജോസ് വിവാഹം ചെയ്തതാണ് പാലായുടെ മരുമകളാക്കിയത്. റോഷിണിയുടെ രണ്ടാമത്തെ നിയമനമാണ് ഇപ്പോഴത്തേത്.

മുമ്പ് പാരീസില്‍ ഇന്ത്യന്‍ എംബസിയില്‍ ഒന്നര വര്‍ഷം ജോലി നോക്കിയിരുന്നു. ഇതിനിടെ യുനസ്‌കോയില്‍ മൂന്നു മാസം ഇന്ത്യയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മസൂരി, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷമാണ് പാരീസില്‍ നിയമനം ലഭിച്ചത്. പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റോഷിണി ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടിയത് ഇവിടുത്തെ നിയമനത്തിനു ഗുണകരമാകും. നാളെ ( 28/12/2017) ബേണിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി റോഷിണി ചുമതലയേല്‍ക്കും.

റോഷിണിയുടെ നിയമനം പാലാക്കാര്‍ക്ക് അഭിമാനം നല്‍കുകയാണെന്നു ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ റോഷിണിക്ക് കഴിയട്ടെ എന്നും ബിഷപ്പ് ആശംസിച്ചു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ഉപഹാരം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ റോഷിണിക്ക് സമ്മാനിച്ചു. ചെയര്‍മാന്‍ എബി ജെ.ജോസ്, സാംജി പഴേപറമ്പില്‍, അഭിലാഷ് ജോസ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button